ന്യൂഡൽഹി:
അതിർത്തിയിലെ പിൻമാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഏറ്റവും വലിയ ഭീരുവാണെന്നും ഇന്ത്യയുടെ മണ്ണ് അടിയറ വച്ചെന്നും രാഹുൽ ആരോപിച്ചു. അതേസമയം ചൈനയുടെ പിൻമാറ്റം നിരീക്ഷിച്ച ശേഷം മാത്രം ഉയർന്ന മലനിരകളിൽ നിന്നിറങ്ങിയാൽ മതിയെന്നാണ് കരസേനയുടെ തീരുമാനം.
ശക്തമായ സമ്മർദ്ദത്തിലൂടെ ചൈനയുടെ പിൻമാറ്റം ഉറപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഈ രാഷ്ട്രീയ നീക്കം. ഉയർന്ന മലനിരകൾ പിടിച്ചെടുത്ത് ഇന്ത്യൻ സേന കൈവരിച്ച നേട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ധാരണയെന്നും രാഹുൽ ഗാന്ധി പറയുന്നു.
ഫിംഗർ നാലു നമ്മുടെ പ്രദേശമാണ്. ഇപ്പോൾ നമ്മൾ ഫിംഗർ മൂന്നിലേക്ക് മാറുകയാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയത്. രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ചൈനയെ നേരിടാൻ കഴിയാത്ത വലിയ ഭീരുവാണ്. ഇതാണ് സത്യമെന്നും രാഹുൽ പറഞ്ഞു. ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണം.