തിരുവനന്തപുരം:
പിഎസ്സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്‍റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ് സി ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതു വഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേര്‍ക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ഒഴിവുകൾ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തിൽ സര്‍ക്കാരിന് ചെയ്യാനുള്ളത്. പിഎസ് സിക്ക് ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.