മനാമ:
നാറ്റോ സഖ്യവുമായി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സന്നദ്ധത അറിയിച്ച് ബഹ്റൈൻ. ബ്രസൽസിൽ നാറ്റോ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിഭാഗം മേധാവി ജിയോവാനി റൊമാനിയുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള അണ്ടർസെക്രട്ടറി ഡോ ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്താൻബുൾ സഹകരണ പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് നാറ്റോയുമായി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ നാറ്റോ സഖ്യം നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനും നാറ്റോ സഖ്യവും തമ്മിലുള്ള സഹകരണത്തിന്റെ രണ്ട് മുൻ പതിപ്പുകളുടെ ഗുണഫലങ്ങൾ അദ്ദേഹം എടുത്തുകാട്ടി. രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ രംഗങ്ങളിലെ സഹകരണത്തിനായിരുന്നു ഇതിൽ ഉൗന്നൽ. 2021-2023 വർഷങ്ങളിലെ മൂന്നാം ഘട്ട സഹകരണ പദ്ധതിയിൽ കാര്യക്ഷമതാ വർധനക്കും പ്രത്യേക പരിശീലന പരിപാടികൾക്കുമാണ് മുൻഗണന നൽകുക.