Wed. Jan 22nd, 2025
കൊച്ചി:

കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ. മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗാർത്ഥി നൽകിയ ഹർജിയിൽ സർവ്വകലാശാലയുടെ നടപടി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു.

മുസ്ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു മുസ്ലിം സംവരണ നിയമനവും നിയമ കുരുക്കിലാകുന്നത്. 2012 മുതൽ ഫിലോസഫി ഡിപ്പാർട്ട്മെന്‍റിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്യുന്ന അധ്യാപികയെ 2019 ലെ മുസ്ലിം സംവരണ ഒഴിവിൽ സ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. എട്ട് വർഷമായി ലീവ് വേക്കൻസിയിൽ ജോലി ചെയ്യുകയാണെന്നും ഇനി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം ഹർജി തള്ളിയെങ്കിലും പുന:പരിശോധനയിൽ സർവകലാശാലയ്ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് വിധി വന്നു.

സിന്‍ഡിക്കേറ്റ് യോഗം ചേർന്ന് അധ്യാപികയെ സ്ഥിരപ്പെടുത്തിയത് 2019 ലെ മുസ്ലിം സംവരണം അട്ടിമറിച്ചാണെന്നാണ് പരാതി. കോടതി വിധി തെറ്റായി വ്യാഖാനിച്ചുകൊണ്ടുള്ള സിന്‍ഡിക്കേറ്റ് നടപടി ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗാർത്ഥി ഡോ. താരിഖ് ഹുസൈൻ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് അന്തിമ വിധി വരുന്നത് വരെ അധ്യാപികയെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സംവരണ ചാർട്ട് പ്രകാരം ഇത് മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട തസ്തികയാണെന്ന് ഡോ. താരിഖ് ഹുസൈൻ, പറഞ്ഞു. മുസ്ലിം സംവരണം അട്ടിമറിച്ചല്ല അധ്യാപികയെ സ്ഥിരപ്പെടുത്തിയതെന്നും കോടതി വിധി നടപ്പിലാക്കിയതാണെന്നും വൈസ് ചാൻസലർ ധർമരാജ് അടാട്ട് വ്യക്തമാക്കി.

By Divya