Mon. Dec 23rd, 2024
അബുദാബി:

യുഎഇയുടെയും അറബ് ലോകത്തിന്റെയും അഭിമാനമായി ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ്(അല്‍അമല്‍)ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. യുഎഇ ചരിത്ര നേട്ടത്തിലെത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു വനിതയും- രാജ്യത്തിന്‍റെ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമായ സാറ അല്‍ അമീരി എന്ന 34കാരി. ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥം തൊട്ടപ്പോള്‍ യുഎഇ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീശാക്തീകരണത്തിന്റെ പുതുചരിത്രം കൂടിയാണ് രചിച്ചത്.

2009ലാണ് സാറ അല്‍ അമീരി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെത്തുന്നത്. 2016ല്‍ സാറ എമിറേറ്റ്‌സ് സയന്‍സ് കൗണ്‍സിലിന്റെ മേധാവിയായി. 2017ല്‍ അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയുമായി. പിന്നീട് സ്‌പേസ് ഏജന്‍സിയുടെ ചെയര്‍വുമണ്‍ പദവിയിലെത്തി. 2020ല്‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബിബിസി തയ്യാറാക്കിയപട്ടികയിൽ സാറ അൽ അനീതിയും ഉണ്ടായിരുന്നു.

ഏഴു മാസത്തെ യാത്രയ്ക്ക് ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി.

By Divya