Fri. Jan 3rd, 2025
ദില്ലി/ ഉത്തരാഖണ്ഡ്:

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മ‍ഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചുവെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സ്ഥിരീകരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. തപോവൻ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. പ്രളയത്തില്‍ 170 പേരെ കാണാതായി. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രളയം വേഗത്തിൽ ആയതിനാൽ മൃതദേഹങ്ങൾ വളരെ അകലെ നിന്നാണ് കണ്ടെടുത്തതെന്ന് ദേശീയ ദുരന്തനിവാരണ സേന ഐജി അമരേന്ദ്ര കുമാർ സെനഗർ അറിയിച്ചു. മൃതദേഹങ്ങൾ ചിലത് വളരെ ആഴമുള്ളിടത്തും ചിലത് ടണലിലും കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് പ്രതിസന്ധിയായി.

രക്ഷാപ്രവർത്തനം അണക്കെട്ടിലെ രണ്ടാമത്തെ ടണലിൽ തുടരുകയാണെന്നും അമരേന്ദ്ര കുമാർ സെനഗർ പറഞ്ഞു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.  അതിനാലാണ് രാത്രിയിലും രക്ഷാപ്രവർത്തനം തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു

By Divya