Mon. Dec 23rd, 2024
ദുബൈ:

യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് 2020ഓടെ 36 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. 2019നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോതിലുണ്ടായ വര്‍ദ്ധനവ്. യൂണിയന്‍ കോപില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരായ ജീവനക്കാരുടെ എണ്ണം 2020ല്‍ 434 ആയി. സ്വദേശിവത്കരണം സാധ്യമാവുന്ന വിവിധ തസ്‍തികകളില്‍ 1210 പ്രവാസികളാണുണ്ടായിരുന്നത്.

2021ല്‍ 40 മുതല്‍ 45 ശതമാനം വരെ സ്വദേശിവത്കരണം സാധ്യമാക്കുന്നതിനായി 15.5 മില്യന്‍ ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. നിക്ഷേപം മനുഷ്യമനസുകളില്‍ നടത്താനും പുരോഗതിയിലും വിജയത്തിലും യുഎഇ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള പിന്തുണ നല്‍കാനുമാണ് ലക്ഷ്യമിടുന്നത്.

യോഗ്യതയും പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക വഴി യുഎഇ പൗരന്മാരുടെ തൊഴില്‍ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കുകയും യൂണിയന്‍ കോപിലൂടെ സ്വകാര്യ മേഖലയില്‍ അവര്‍ക്ക് ആകര്‍ഷകമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Divya