ന്യൂഡൽഹി:
ഉത്തർപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഭരണഘടനയിലെ ആർട്ടിക്കിൾ 356 യുപിയിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം.
സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ സിആർ ജയ സുകിനാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
സംസ്ഥാനത്ത് ന്യനപക്ഷങ്ങളോടുള്ള വേർതിരിവ്, ദലിതുകൾക്കെതിരായ അതിക്രമം തുടങ്ങിയവ ഹർജിയിൽ പരാമർശിച്ചു.എന്നാൽ, എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അഭിഭാഷകനോട് ആരാഞ്ഞു. എത്ര സംസ്ഥാനങ്ങളിലെ കുറ്റകൃത്യ കണക്കുകൾ പഠന വിധേയമാക്കിയിട്ടുണ്ടെന്നും എന്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും ആരാഞ്ഞ കോടതി നിങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു.