ദുബായ്:
അറബ് ലോകം ഒന്നടങ്കം പ്രാർഥനയിലാണ്. എണ്ണപ്പാടങ്ങളില്ലെങ്കിൽ ഒന്നുമില്ലെന്ന് എഴുതിത്തള്ളിയവർക്ക് മുന്നിൽ ബഹിരാകാശം കീഴടക്കാനൊരുങ്ങുന്ന അറബ് ജനതക്ക് നാളെ നിർണായക ദിനമാണ്. ആറ് വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ ഏഴ് മാസം മുമ്പ് ചൊവ്വയിലേക്കയച്ച ‘ഹോപ് പ്രോബ്’നാളെ ‘ഗ്രഹപ്രവേശന’ത്തിനൊരുങ്ങുകയാണ്.
വൈകീട്ട് 7.42ന് ചുവന്നഗ്രഹത്തിലേക്ക് യുഎഇയുടെ ‘ഹോപ്’പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം 50ാം വാർഷികം ആഘോഷിക്കുന്ന വർഷത്തിൽ സ്വപ്നതുല്യമായ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷക്കൊപ്പം പ്രാർത്ഥനയിലാണ് ഇമാറാത്തി ജനതയും അറബ് ലോകവും. അറേബ്യൻ രാജ്യത്തുനിന്നുള്ള ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമാണ് ഹോപ്.