Wed. Nov 6th, 2024
തിരുവനന്തപുരം:

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്സി) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സിഎച്ച്സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.
ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തിരിക്കുന്നത്.ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി.

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് വിമണ്‍ ആന്‍റ്ചില്‍ഡ്രന്‍ ഹോസ്പിറ്റില്‍ ജില്ലാ തലത്തില്‍ 92.7 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ എട്ട് ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്. കൊല്ലം ജില്ലാ ആശുപത്രി (92.2 ശതമാനം), ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി (87.8), മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി (83.7), മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി (83.5), തൃശ്ശൂര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി (82.8), പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി (76.3), തിരുവനന്തപുരം ഡബ്ല്യു ആന്‍റ് സി ഹോസ്പിറ്റല്‍ (73), ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി (70.5) എന്നിവയാണ് ജില്ലാ തലത്തില്‍ ഈ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍.

By Divya