Mon. Dec 23rd, 2024

മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ നാല് നിലകളുള്ള ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഏഴ് തിരികളുള്ള നിലവിളക്കിന് തിരി തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.കൊച്ചി കലൂര്‍ ദേശാഭിമാനി റോഡിലായി സ്ഥിതി ചെയ്യുന്ന അമ്മയുടെ ആസ്ഥാനമന്ദിരത്തില്‍ ഒന്നാം നിലയില്‍ സ്വീകരണമുറിയും രണ്ടാം നിലയില്‍ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ഓഫീസ് മുറികളും കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാനുള്ള ഹാളും സജ്ജമാണ്.

മൂന്നാംനിലയിലാകട്ടെ 300 ഓളം പേര്‍ക്ക് ഒത്തുകൂടാവുന്ന സൗണ്ട്പ്രൂഫ് ഓഡിറ്റോറിയവും ഏറ്റവും മുകളിലായി കഫറ്റേരിയ ഉള്‍പ്പെടെയുള്ള ഡിസ്‌ക്കഷന്‍ഹാളും ചേര്‍ന്നതാണ്. സിനിമ സംബന്ധമായ എല്ലാ ചര്‍ച്ചകള്‍ക്കും വളരെ അനുയോജ്യമായതാണ് ഏറ്റവും മുകളിലത്തെ നില.

ചടങ്ങിനുശേഷം മോഹന്‍ലാല്‍ അമ്മയുടെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞു: ‘പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമ അമ്മ നിര്‍മ്മിക്കുന്നു. അതിന്റെ കഥ, തിരക്കഥ, സംഭാഷണം രാജീവ് കുമാറും ചെയ്യുന്നു. 140 ഓളം വരുന്ന അമ്മയുടെ കലാകാരന്മാര്‍ക്ക് ഇതില്‍ പങ്കെടുക്കാനും അവസരം ഉണ്ടാകും. ഇതില്‍നിന്നും കിട്ടുന്ന വരുമാനം അമ്മയുടെ തന്നെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.’

By Divya