Mon. Dec 23rd, 2024
LPG

ന്യൂഡല്‍ഹി:

ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കൊപ്പം പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി.

പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിൻ്റെ വില 726 ആയി ഉയർന്നു.

അതേസമയം, രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിൽ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ മൂന്നു പൈസയാണ് വില.

https://www.youtube.com/watch?v=Z1jLJ5ozXPc

അന്താരാഷ്ട്രവിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്. ഈ വര്‍ഷം ഇത് 11-ാംമത്തെ തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയും.

By Binsha Das

Digital Journalist at Woke Malayalam