ന്യൂഡൽഹി:
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിന് തിരിച്ചടി. ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾ റിലയൻസിന് വിൽക്കാനുള്ള ഇടപാട് ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റീടെയിൽ വിപണിയിൽ റിലയൻസിന് മേധാവിത്വം നൽകുന്ന ഇടപാടിനെ എതിർത്ത് ആഗോള റീടെയിൽ ഭീമനായ ആമസോണാണ് കോടതിയെ സമീപിച്ചത്.
റിലയൻസുമായുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ ഇടപാട് തങ്ങളുടെ കരാറിന്‍റെ ലംഘനമാണെന്നാണ് ആമസോണിന്‍റെ ആരോപണം. തുടർന്ന് ഇതിനെതിരെ ആമസോൺ ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു. സിംഗപ്പൂർ തർക്ക പരിഹാര കോടതി ഉത്തരവിന് വിരുദ്ധമാണ് റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടെന്നായിരുന്നു ആമസോൺ കോടതിയിൽ വാദിച്ചത്.
പ്രാഥമിക പരിശോധനയിൽ സിംഗപ്പൂർ തർക്ക പരിഹാര ട്രിബ്യൂണൽ വിധിയുടെ ലംഘനം കണ്ടെത്താനായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഇടപാടുമായി മുന്നോട്ട് പോകരുതെന്നും റിലയൻസിനോട് നിർദേശിച്ചു .