മനാമ:
മുഹറഖിൽ മൊബൈൽ ഫുഡ് ട്രക്കുകൾക്ക് പുതിയ നിയമം നിലവിൽവന്നു. റെസിഡൻഷ്യൽ മേഖലയിലും ആളൊഴിഞ്ഞ പ്രദേശങ്ങൾക്കും ബാധകമായ പ്രത്യേക നിയമങ്ങളാണ് മുനിസിപ്പാലിറ്റി പുറത്തിറക്കിയത്.
താമസക്കാർക്ക് ശല്യമാകാത്ത വിധമായിരിക്കണം മൊബൈൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. താമസ മേഖലയുടെ 20 മീറ്റർ ദൂരത്താണ് കച്ചവടമെങ്കിൽ പൂട്ടിപ്പോകുന്ന സമയത്ത് മേശകളും കസേരകളും എടുത്തുമാറ്റണം.
തുറക്കാത്ത സമയത്ത് ട്രക്കുകൾ ഇവിടെ പാർക്ക് ചെയ്യാനും പാടില്ല. രാവിലെ ആറുമണി മുതൽ അർധരാത്രി വരെയാണ് കച്ചവടത്തിന് അനുവദിച്ച സമയം.ട്രാഫിക് കുരുക്കുണ്ടാക്കാത്ത വിധം ഉപഭോക്താക്കൾക്ക് പാർക്കിങ് സൗകര്യം ഉൾപ്പെടെ ട്രക്ക് ഉടമകൾ ഏർപ്പെടുത്തണം.
റോഡിൽ പാർക്ക് ചെയ്യരുതെന്നും ട്രാഫിക് ലൈറ്റുകളുടെ 50 മീറ്റർ പരിധിയിൽ കച്ചവടം പാടില്ലെന്നും പുതിയ ഉത്തരവിലുണ്ട്. സ്ഥലം ഉടമകളുടെ സമ്മതേത്താടെ മാത്രമേ അവരുടെ സ്ഥലം കച്ചവടത്തിന് ഉപയോഗിക്കാവൂ.
കോലാഹലങ്ങളോ മറ്റു മലിനീകരണങ്ങളോ പാടില്ല. തീ കെടുത്തുന്ന ഉപകരണം ഉൾപ്പെടെ സുരക്ഷ ക്രമീകരണങ്ങൾ സജ്ജമാക്കണം.അതേസമയം, കച്ചവടം റെസിഡൻഷ്യൽ മേഖലയിൽ അല്ലെങ്കിൽ നിയമം ലഘൂകരിച്ചിട്ടുണ്ട്. പുതിയ നിയമം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും താമസക്കാർക്കും ഒരുപോലെ ഗുണകരമാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.