മലപ്പുറം:
കടലോര മേഖലയായ തിരൂർ വാക്കാട് വർഷങ്ങളായി വീടു വച്ചു താമസിക്കുന്ന 5 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ചെന്ന പൊലീസിനെ നാട്ടുകാർ തടഞ്ഞു. കോടതി ഉത്തരവുണ്ടെന്നും മാറിത്താമസിക്കണമെന്നും അറിയിച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് എത്തിയത്. താമസിക്കുന്ന സ്ഥലം മിച്ചഭൂമിയാണെന്നും പൊളിച്ചു നീക്കം ചെയ്യുമെന്നും ഇവിടെയെത്തിയ പൊലീസ് പറഞ്ഞു. ഇതിനായി മണ്ണുമാന്തി യന്ത്രവുമായാണ് പൊലീസ് എത്തിയത്. ഇതോടെ നാട്ടുകാർ സംഘടിക്കുകയായിരുന്നു.
50 വർഷമായി ഇവിടെ താമസിക്കുകയാണെന്നും വ്യക്തമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങൾ പറഞ്ഞതോടെ നാട്ടുകാരും പൊലീസും തമ്മിൽ തർക്കമായി. വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും എതിർപ്പിനെ തുടർന്ന് നടപടി നിർത്തി വച്ചു തിരിച്ചു പോയി.