Fri. Nov 22nd, 2024
Pappanji in cochin carnival

കൊച്ചി:

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഡിസംബര്‍ 31ന് രാത്രി 10 മണിയ്ക്ക് ശേഷം ആഘോഷങ്ങള്‍ പാടില്ല. ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.

പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടര്‍മാരും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

നിയന്ത്രണം തെറ്റിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. കേരള പൊലീസും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമന്ന് ഫെസ്യ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഡിസംബര്‍ 30,31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുളള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

https://www.youtube.com/watch?v=bBNOMvimVrY&t=3s

കൊച്ചി

കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ പപ്പാഞ്ഞിയെ കത്തിക്കൽ ഇത്തവണയില്ല. 1980 കളുടെ ആദ്യത്തിൽ കൊച്ചിൻ കാർണിവലിന് തുടക്കമിട്ടപ്പോൾ ഒപ്പം കൂടിയതാണ് കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ പപ്പാഞ്ഞിയെ കത്തിക്കൽ.

35 വർഷത്തിനിടെ ആദ്യമായാണ് പപ്പാഞ്ഞിയെ കത്തിക്കാതെ ഒരു പുതുവത്സരം കൊച്ചിക്കാര്‍ക്ക് കടന്നുപോകുന്നത്. പ്രളയവും ഓഖിയും ഉൾപ്പെടയുള്ള പ്രതിസന്ധികളെ മുൻവർഷങ്ങളിൽ അതിജീവിച്ച് കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിച്ചിരുന്നു

മുത്തച്ഛൻ എന്നാണ് പപ്പാഞ്ഞി എന്ന പോർച്ചുഗീസ് വാക്കിന്റെ അർഥം. കോട്ടും സ്യൂട്ടും തൊപ്പിയും ഷൂസുമൊക്കെ ധരിച്ച വൃദ്ധ രൂപമാണ് പപ്പാഞ്ഞിക്ക്. കഴിഞ്ഞു പോകുന്ന വർഷത്തെയാണ് ഇതിലൂടെ പ്രതിനിധീകരിക്കുന്നത്. ആ വർഷത്തെ ചാരമാക്കി പ്രതീക്ഷയോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുകയാണ്.

അതേസമയം, കോഴിക്കോട് ജില്ലയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ സാംബശിവ റാവുവാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഡിസംബർ 31 മുതൽ ജനുവരി നാലു വരെ ബീച്ചുകളിലെ പ്രവേശനം ആറു മണി വരെ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. പൊതു സ്ഥലത്തെ ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ട്

 

 

By Binsha Das

Digital Journalist at Woke Malayalam