Sun. Dec 22nd, 2024

 

തിരുവനന്തപുരം:

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കർഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും.

എന്നാൽ ബിജെപിയെ വെട്ടിലാക്കി സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ചു. പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമ സഭ കൊണ്ടു വന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയിൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോൾ ബിജെപി അംഗം ഒ രാജഗോപാൽ നിയമസഭയിലുണ്ടായിരുന്നിട്ടും എതിർത്തിരുന്നില്ല. നിയമസഭയിൽ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിർത്തിരുന്നില്ല. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കുന്നതെന്നും സ്പീക്കർ പറഞ്ഞപ്പോഴും ബിജെപി അംഗത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

https://www.youtube.com/watch?v=5PxzjrwUeAA&t=2s

By Athira Sreekumar

Digital Journalist at Woke Malayalam