Wed. Jan 22nd, 2025
Centre calls farmers for meeting over farm laws today

 

ഡൽഹി:

കർഷക  സംഘടനകളുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഏഴാം തവണ ചര്‍ച്ച ഇന്ന്. കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെ നടപടി റദ്ദാക്കുക  എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ നിയമങ്ങൾ റദ്ദാക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.

കർഷകരുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ഏതാണ്ട് രണ്ട് മണിക്കൂറോളമാണ് അമിത് ഷായും തോമറും ഗോയലും കൂടിക്കാഴ്ച നടത്തിയത്. ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രത്തെ പ്രതിനിധീകരിച്ച് തോമറും പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യാവസായ സഹമന്ത്രി സോം പ്രകാശുമാണ് എത്തുക. 

കേന്ദ്രത്തിനെ സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ച വളരെ നിര്‍ണായകമാണ്. ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടെടുത്ത കര്‍ഷകര്‍ കേന്ദ്രത്തിന്റെ നിരന്തരമുള്ള അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഒരുവട്ടം കൂടി ചര്‍ച്ചയ്ക്ക് തയ്യാറായത്. ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

https://www.youtube.com/watch?v=zjTfo3TMneA

By Athira Sreekumar

Digital Journalist at Woke Malayalam