കോട്ട കാത്ത് കോട്ടയം; നഗരസഭ ഭരണം യുഡിഎഫിന്

നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്

0
195
Reading Time: < 1 minute

കോട്ടയം:

ജോസ് കെ മാണി പോയ നഷ്ടം ഭാഗ്യത്തിലൂടെ നികത്താന്‍ യുഡിഎഫിന് സാധിച്ചു. കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ ബിന്‍സി സെബാസ്റ്റ്യനാണ് പുതിയ ചെയര്‍പേഴ്സണ്‍.

കോട്ടയം നഗരസഭയിലെ അന്‍പത്തിരണ്ടാം ഡിവിഷനില്‍ ഗാന്ധി നഗര്‍ നോര്‍ത്തില്‍ നിന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ ജയിച്ചത്. നേരത്തെ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതയായി ഗാന്ധി നഗര്‍ നോര്‍ത്ത് വാര്‍ഡില്‍ മൊബെെല്‍ ഫോണ്‍ ചിഹ്നത്തിലായിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചത്. പിന്നീട് ബിന്‍സി യുഡിഎഫിനൊപ്പം ചേരുകയായിരുന്നു.

ഇതോടെയാണ് നഗരസഭയില്‍ യുഡിഎഫ്, എല്‍ഡിഎഫ് അംഗബലം തുല്യമായത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും അംഗബലം 22 ആയിരുന്നു. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരുന്ന സാഹചര്യവുമുണ്ടായി.

ജില്ലാ, ബ്ലോാക്ക് പഞ്ചായത്ത് തലങ്ങളില്‍ എല്‍ഡിഎഫ്  മേധാവിത്വം ഉള്ളപ്പോള്‍ നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. പാല ഒഴികെയുള്ള നഗരസഭ ഭരണത്തില്‍ യുഡിഎഫിനാണ് മേല്‍ക്കെെ.

നറുക്കെടുപ്പിലൂടെ കോട്ടയം ഉള്‍പ്പെടെ മൂന്ന് നഗരസഭകളുടെ ഭരണം യുഡിഎഫ് പിടിച്ചു. നറുക്കെടുപ്പ് നടന്ന കളമശ്ശേരിയിലും, കൊല്ലം പരവൂരിലുമായിരുന്നു യുഡിഎഫ് നറുക്കെടുപ്പിലൂടെ ഭരണം പിടിച്ചെടുത്തത്.

 

 

Advertisement