Wed. Jan 22nd, 2025
Pinarayi Vijayan, Arif Mohammad Khan (Picture Credits: AsianetNews.com)

തിരുവനന്തപുരം:

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​ നൽകുന്നതെന്ന് രാ​ജ്ഭ​വ​ൻ അ​റി​യി​ച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനാണ്‌ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നത്. ഈ മാസം 31ന് നിയമസഭ സമ്മേളനം നടത്തും. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല.

പിന്നീട് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്ക് അനുമതി തേടി കത്ത് നല്‍കുകയായിരുന്നു. കാർഷിക നിയമ ഭേദഗതി അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട അടിയന്തിര വിഷയം എന്ന് പരാമര്‍ശിച്ച് കൊണ്ടായിരുന്നു സര്‍ക്കാര്‍ വീണ്ടും  കത്ത് നല്‍കിയത്. ഗവര്‍ണര്‍ വീണ്ടും അനുമതി നിഷേധിച്ചാല്‍ നിയമനടപടി സ്വീകരിക്കാനായിരുന്നു സര്‍ക്കാരിന്‍റെ നീക്കം.

31 ന് രാവിലെ 9 മുതൽ 10 വരെ ഒരുമണിക്കൂർ ചേരുന്നനിയമസഭ കാർഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷവും സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=YcgX9wN6zsY

ജനുവരി 8 വീണ്ടും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ ചേരും. 8ന് ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തില്‍ എന്ത് പറഞ്ഞാലും അത് അതേപടി ഗവര്‍ണര്‍ വായിക്കും. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇടഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ കനത്ത സമ്മര്‍ദ്ദത്തിനൊടുവിലായിരുന്നു ഗവര്‍ണര്‍ പ്രസംഗം വായിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam