തിരുവനന്തപുരം:
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വം. പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.
സഭ സമ്മേളനം നേരത്തെ ചേരാനുള്ള സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സഭ ചേരാന്‍ ഗവര്‍ണറുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അനുമതി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അനുമതി ലഭിച്ചാല്‍ ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക. സംസ്ഥാനത്തെ ഭരണ – പ്രതിപക്ഷങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്.
ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കിയേക്കും. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാട് എടുത്തിട്ടുണ്ട്.
അതേസമയം, ദില്ലി ചലോ കര്‍ഷകസമരം 27 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. സിംഗു അതിര്‍ത്തിയിൽ സമരം നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്.
കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ ആരോപിച്ചു. ആരുടെയെങ്കിലും അവകാശങ്ങളെ ഇല്ലാതാക്കുന്നത് പാപമാണെന്നാണ് ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളതെന്നും സിഖ് ഗുരുദ്വാര സന്ദര്‍ശിച്ചിട്ടും പ്രധാനമന്ത്രിക്കത് മനസിലായെല്ലേയെന്നും കര്‍ഷകര്‍ തുറന്ന കത്തില്‍ ചോദിക്കുന്നു
ദില്ലിയുടെ അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കർഷക സമരം ഇരുപത്തിയാറ് ദിവസം പിന്നിട്ടതോടെ കർഷക സംഘടനകളെ സർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചു. സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസർക്കാരിന്റെ കത്ത് സമയം കൊല്ലിയെന്ന് കർഷക സംഘടനകളുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഭൂരിപക്ഷം സംഘടനകളും ഈ അഭിപ്രായക്കാരായിരുന്നു. എന്നാൽ ചർച്ച വേണമെന്ന അഭിപ്രായമാണ് യോഗത്തിൽ രണ്ട് സംഘടനകൾ നിലപാടെടുത്തത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകാതെ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളുടെ തീരുമാനം.
അതേസമയം, മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരുടെ മാർച്ച് ദില്ലിയിലേക്ക് ആരംഭിച്ചിട്ടുണ്ട്. നാളെ ചൗധരി ചരൺ സിംഗിന്റെ ജന്മദിനത്തിൽ രാജ്യത്തെ ഗ്രാമവാസികളോട് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകണമെന്ന് കർഷക സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=P7_xhojpeL8