Fri. Nov 22nd, 2024
social media against sexual comments with election candidates

 

കേരളത്തിന്റെ സാക്ഷരതയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പറയുമ്പോഴും എവിടെയോ ആ സാക്ഷരത കാര്യമായി പ്രതിഫലിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഏറെ ചർച്ചകൾക്ക് പത്രയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ നിമിഷം വരെയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നു. അതിൽ അധികം വിമർശനം ഉയരാത്തതും എന്നാൽ വിമര്ശിക്കപ്പെണ്ടതുമാണ് സ്ത്രീ വിരുദ്ധത.

ഈ തിരഞ്ഞെടുപ്പിൽ യുവജനങ്ങളായ നിരവധി സ്ത്രീകളും പുരുഷന്മാരും സ്ഥാനാർത്ഥികൾ ആയിരുന്നു. അവരുടെ വ്യത്യസ്തമായ രീതിയിലുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും ഒക്കെ ഏറെ ശ്രദ്ധേയമായി. അത്തരത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സ്ഥാനാര്‍ഥികള്‍ പലരായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്ന പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബു. എന്നാൽ ഫലം ‌പുറത്തു വന്നപ്പോൾ പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു അഭിഭാഷക കൂടിയായ വിബിത. 2009 മുതൽ കെഎസ്‌യു പ്രവർത്തകയാണ്. എന്നാൽ വിബിതയുടെ പരാജയത്തോട് ഒരുവിഭാഗം ആളുകൾ പ്രതികരിക്കുന്നത് വളരെ മോശമായിട്ടാണ്. ഇത് കേരളമാണ് സൗന്ദര്യവും വയറലും നമ്മളെടുക്കൂല്ല മോളെ എന്നൊക്കെ അവരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിനൊപ്പം എഴുതി ചേർക്കുന്നു. ഇത്തരം അശ്ലീല ചുവയുള്ള നിരവധി പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇതിന് സമൂഹ മാധ്യമങ്ങളിൽ ഇപ്പറയുന്ന സാക്ഷരത ഉള്ളതുകൊണ്ട് ബോധമുള്ളവർ ഒരു മറുചോദ്യം ചോദിക്കുന്നുണ്ട്  താൻ സുന്ദരിയാണ് അതുകൊണ്ട് നിങ്ങളെനിക്ക് വോട്ട് തരു എന്ന് വിബിത എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നുള്ളതാണ്. ശരിയല്ലേ? അങ്ങനെ വിബിത എന്ന സ്ഥാനാർഥി ആരോടും പറഞ്ഞതായി അറിവില്ല. കഴിവുള്ള ഒരു അഭിഭാഷക മത്സരിക്കുമ്പോൾ സാക്ഷര കേരളം ചർച്ച ചെയ്തത് അവരുടെ സൗന്ദര്യം മാത്രം. അപ്പോൾ ഈ വിഷയത്തെ കുറിച്ച് ഫേസ്ബുക്കിൽ വന്ന ഒരു കുറിപ്പിൽ പറയുന്നതുപോലെ മലയാളി മാറേണ്ടിയിരിക്കുന്നു ഇനിയും ഒരുപാട്.

By Athira Sreekumar

Digital Journalist at Woke Malayalam