തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് കാരണം സുരേന്ദ്രന്റെ ഏകാധിപത്യവും പിടിപ്പുകേടും; ബിജെപിയിൽ പോര് മുറുകുന്നു

സുരേന്ദ്രനെതിരെ പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനാധ്യക്ഷൻ സ്വർണക്കള്ളക്കടത്തിനെയും ഇടതുപക്ഷ നേതാക്കളെയും വിമർശിച്ചു മുന്നോട്ടു പോയപ്പോൾ കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കിയ എൽഡിഎഫ് നേട്ടം കൊയ്തുവെന്നു കത്തിലുണ്ട്.

0
162
Reading Time: < 1 minute

 

തിരുവനന്തപുരം:

ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നു കെ സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളും മൂലമാണ് എന്നാണ് കത്തിലെ ആരോപണം.

8,000 സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളും നേടാമെന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു നൽകിയ ഉറപ്പ്. എന്നാൽ അതിന്റെ അടുത്ത് പോലും കഴിഞ്ഞില്ല. വോട്ടാക്കി മാറ്റാമായിരുന്ന കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയില്ല എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാനാധ്യക്ഷൻ സ്വർണക്കള്ളക്കടത്തിനെയും ഇടതുപക്ഷ നേതാക്കളെയും വിമർശിച്ചു മുന്നോട്ടു പോയപ്പോൾ കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കിയ എൽഡിഎഫ് നേട്ടം കൊയ്തുവെന്നു കത്തിലുണ്ട്. ഈ സ്ഥിതി തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും സുരേന്ദ്രനെ മാറ്റി എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന അധ്യക്ഷനെ നിയമിക്കണമെന്നുമാണു കത്തിലെ ആവശ്യം.

ഇന്ന് കൊച്ചിയില്‍ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓണ്‍ലൈന്‍ യോഗം. ഭാരവാഹി യോഗവും ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ഇരു യോഗങ്ങളിലും കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അധ്യക്ഷന് ഏകാധിപത്യ പ്രവണതയാണെന്നും പ്രവര്‍ത്തനരീതി മാറ്റണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നിറംമങ്ങിയ പ്രകടനത്തിന് കാരണമായെന്നും നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി.  

Advertisement