Thu. Jan 23rd, 2025
more than 20 farmers dead during protest in Delhi

 

ഡൽഹി:

ഡൽഹി അതിർത്തിയിലെ കാർഷിക പ്രതിഷേധം 20 ദിവസം പിന്നിടുമ്പോൾ, ഏതാണ്ട് 20 ലധികം പേർ സമരത്തിനിടെ മരിച്ചതായി പ്രതിഷേധകർ പറയുന്നു. മരിച്ചവരിൽ പലരും പഞ്ചാബിൽ നിന്നുള്ളവരാണ്. കഠിനമായ ശൈത്യ കാലാവസ്ഥയും  റോഡപകടങ്ങളുമാണ് കർഷകരുടെ മരണത്തിന്റെ പ്രധാന കാരണം. മരിച്ചവരുടെ കുടുംബത്തെ സഹായിക്കാനായി അവരുടെ പട്ടിക തയ്യാറാക്കുകയാണെന്ന് കർഷക സംഘടനകൾ പറയുന്നു.

പഞ്ചാബ്, ഹരിയാന സർക്കാരുകളിൽ നിന്ന് കൂടുതൽ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ജോലിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കീർത്തി കിസാൻ യൂണിയൻ അംഗം രജീന്ദർ സിംഗ് പറഞ്ഞു. പ്രതിഷേധത്തിൽ വനിതാ പ്രക്ഷോഭകരും മരിച്ചതായും കൂട്ടിച്ചേർത്തു.

അതേസമയം ഇന്നലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിഖ് പുരോഹിതൻ സ്വയം വെടിവച്ച് മരിച്ചു. ഹരിയാനയിലെ കർണാലിൽ നിന്നുള്ള സാന്റ് ബാബാ രാംസിങ് ആണ് മരിച്ചത്. ലൈസൻസുള്ള തോക്കുപയോ​ഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി.

കർഷകരുടെ ദുരവസ്ഥയും സർക്കാരിന്റെ അടിച്ചമർത്തലും തന്നെ വേദനിപ്പിക്കുന്നുവെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കത്തിൽ എഴുതിയിരുന്നത്. 

കർഷകർക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ടെന്നും അവർ അത് തുടരും ഡൽഹി ബോർഡറിൽ അവരെ തടയാൻ ആർക്കും കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കർഷകരുടെ വിഷയം വിലയിരുത്താൻ ഒരു കമ്മിറ്റിക്ക് കൈമാറണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ നിർദ്ദേശിച്ചിരുന്നുകാർഷിക പരിജ്ഞാനമുള്ള സ്വതന്ത്ര അംഗങ്ങൾ പാനലിൽ ഉണ്ടായിരിക്കണം, ഇരുപക്ഷവും കേൾക്കുകയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകുകയും വേണം എന്നായിരുന്നു ഉത്തരവ്.

ചർച്ചകളിൽ കേന്ദ്രം വിജയിക്കുന്നില്ലെന്ന് നിരീക്ഷിച്ചതായി കോടതി പറഞ്ഞു. കേന്ദ്രത്തിന്റെ ഉപാധികൾ കർഷകർ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് തന്നെ സമിതി തീരുമാനിക്കട്ടെ എന്നുമായിരുന്നു കോടതി ഇന്നലെ വ്യക്തമാക്കിയത്.

https://www.youtube.com/watch?v=LuQcJ8XQnT4

By Athira Sreekumar

Digital Journalist at Woke Malayalam