Wed. Dec 18th, 2024
LDF
തിരുവനന്തപുരം

 

ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം വ്യക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പു ഫലം. പത്തിടത്ത് എല്‍ഡിഎഫും നാലിടത്തില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 377 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും322 സീറ്റില്‍ യുഡിഎഫും  27 ഇടത്ത് എന്‍ഡിഎയുമാണ് മുന്നേറുന്നത്.  കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മുന്നേറുന്നു. പല നഗരസഭകളിലും എന്‍ഡിഎ എക്കൗണ്ട് തുറന്നു.

മധ്യകേരളത്തില്‍ ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന് ഗുണകരമായെന്ന് ആദ്യഫലസൂചനകള്‍ വ്യക്തമാക്കുന്നു. പാലായിലും കോട്ടയത്തും കേരള കോണ്‍ഗ്രസ്  ജോസഫ് വിഭാഗത്തെ തോല്‍പ്പിച്ച് ജോസ് വിഭാഗം സീറ്റുകള്‍ പിടിച്ചടക്കി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് തിരിച്ചടി. ഇവിടെ ഫലമറിഞ്ഞ  മൂന്നിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അടിപതറി. പാലായില്‍ യുഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി  തോറ്റു.

കൊച്ചിയില്‍ യുഡിഎഫ് ഹാട്രിക് വിജയത്തിലേക്ക് അടുക്കുമ്പോഴും യുഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാലിന്‍റെ നാടകീയമായ തോല്‍വിയാണ് ശ്രദ്ധേയമായത്. ഒരു വോട്ടിനാണ് അദ്ദേഹം തോറ്റത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലും മുസ്ലിം ഭൂരിപക്ഷപ്രദേശമായ എറണാകുളത്തെ കളമശേരി മുനിസിപ്പാലിറ്റിയിലും ബിജെപി സ്ഥാനാര്‍ത്ഥി എക്കൗണ്ട് തുറന്നു. യുഡിഎഫിലെ സഖ്യകക്ഷികളായ  കോണ്‍ഗ്രസും  മുസ്ലിം ലീഗും നേര്‍ക്കു നേര്‍ മത്സരിക്കുന്ന കരുവാരക്കുണ്ടില്‍ എല്‍ഡിഎഫിനു ജയം.

കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി.  പത്തനം തിട്ട ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നേറുന്നു. അതേ സമയം പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്.