Wed. Jan 22nd, 2025

തിരുവനന്തപുരം:

കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഏറെ വിവാദത്തിൽ നിൽക്കവേ വാക്സിൻ വിതരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളിലേക്കും കടന്ന് സംസ്ഥാനം.

വാക്സിൻ ഉപയോഗത്തിന് രാജ്യത്ത് തന്നെ അനുമതി കിട്ടിയില്ലെങ്കിലും കേരളം ഒരുനക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കാലാവസ്ഥാ പ്രത്യേകതയും ചെലവുമാണ് വാക്സിൻ വിതരണത്തിനുള്ള കേരളത്തിൻറെ പ്രധാന വെല്ലുവിളി.

ലോകത്ത് വിതരണമാരംഭിച്ച ഫൈസർ വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രധാന  തടസ്സവും ഇതുതന്നെ. മൈനസ് 70  ഡിഗ്രിയിൽ വരെ  ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നതാണ് പ്രശ്നം. വാക്സിൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണത്തിനും കേരളത്തിൽ നിലവിലുള്ള സംവിധാനങ്ങൾ മതിയാകില്ല.

ഫൈസർ വാക്സിൻ സൂക്ഷിക്കുന്നതിനായ പ്രത്യേക കണ്ടെയ്നറുകൾ കൂടി വാങ്ങേണ്ടി വരും. എത്തിക്കാനുള്ള ചെലവും കൂടും. പരമാവധി മൈനസ് മുപ്പത് ഡിഗ്രി വരെയുള്ള ഡീപ് ഫ്രീസറുകളാണ് കേരളത്തിലുള്ളത്.

ഓക്സ്ഫർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊ-വാക്സ്  എന്നിവയിലാണ് കേരളത്തിന്‍റെ കൂടുതൽ പ്രതീക്ഷ. ഇവ വിതരണം ചെയ്യാൻ നിലവിലെ സംവിധാനങ്ങൾ മതിയാകും.

1250 ശീതികരണ സംഭരണ യൂണിറ്റുകൾ കേരളത്തിനുണ്ട്. ഐസ് ലൈൻഡ് റെഫ്രിജറേറ്റുകളും ഡീപ് ഫ്രീസറുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സർക്കാർ സ്ഥാപനങ്ങളിൽ  സജ്ജമാണ്. സിറിഞ്ചുകളടക്കമുള്ളവ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി ലഭ്യമാക്കും.

വാക്സിൻ വിതരണത്തിനായി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി, ദൗത്യസേന എന്നിവ ഉണ്ടാക്കി. തെരഞ്ഞെടുപ്പിന് ശേഷം താഴേത്തട്ടിലുള്ള രൂപീകരണവും നടക്കും.

ഫെബ്രുവരിയെങ്കിലുമാകും വാക്സിൻ കേരളത്തിൽ വിതരണത്തിനെത്താൻ എന്നാണ് നിലവിലെ  കണക്കുകൂട്ടൽ.

ആദ്യഘട്ടത്തിൽ വാക്സിൻ നൽകേണ്ട ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ എന്നിവരുടെ വിവര ശേഖരണം നടക്കുകയാണ്. കോവിൻ എന്ന പോർട്ടലിൽ അപ്‍ലോഡ് ചെയ്യുന്നതാണ് നിലവിൽ നടക്കുന്ന പ്രവർത്തനം.

അതേസമയം, വാക്സിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുകയാണ്. വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ മുതലെടുപ്പാണെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും യുഡിഎഫും ബിജെപിയും ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യു ഡി എഫ് പറഞ്ഞു. എന്നാൽ, നിലവിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാൽ അന്വേഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.

കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്, വാക്സിൻ ലഭ്യമായാൽ  സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇതാണ് വിവാദത്തിലായത്.

https://www.youtube.com/watch?v=ERrW81ys5rA

By Arya MR