Mon. Dec 23rd, 2024
Farmers protest; more farmers joins in dellhi rajasthan border protest
ഡൽഹി:

കർഷക സമരം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും അണിചേർന്നു.

രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു കണക്കിന് കർഷകരാണ് രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിലേക്ക് തിരിച്ചത്. ഷാജഹാന്‍പൂരില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍  കോണ്‍ക്രീറ്റ് ബീമുകളും തയ്യാറാക്കിയിട്ടുണ്ട്.

എസ്‍ഡിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് മാർച്ച് തുടങ്ങിയ കർഷകർ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെ കൂടുതൽ കർഷകർ അതിർത്തിയിലെത്തി. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ഇന്നലെ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചകളിൽ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം എന്ന നിർദ്ദേശം ചർച്ച ചെയ്തു എന്നാണ് സൂചന. സമരം 48 മണിക്കൂറിൽ തീരും എന്ന് ദുഷ്യന്ത് ചൗട്ടാല പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

നാളെ കർഷകസംഘടനകളുമായി വീണ്ടും ചർച്ചയാവാം എന്ന സൂചന കൃഷിമന്ത്രി നല്കി. സമരത്തിലുള്ള ചില നേതാക്കളെ ഇക്കാര്യം സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ ആദ്യ ചർച്ച ബില്ലുകൾ പിൻവലിക്കുന്നതിനെക്കുറിച്ചാകണം എന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നില്ക്കുകയാണ്.

അതേസമയം, ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്.  നാളെ സിംഗുവിൽ കർഷക നേതാക്കൾ നിരാഹാരമിരിക്കും.

അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തുന്നത് ചരക്ക് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.  ഇന്നലെ കർഷകർ ടോളുകൾ പിടിച്ചെടുത്ത് വാഹനങ്ങളെ സൗജന്യമായി കടത്തിവിട്ടിരുന്നു. അതേപോലെ ഗതാഗതം എല്ലാ അതൃത്തി മേഖലകളിലും സ്തംഭിച്ചിരിക്കുകയാണ്.

അതേസമയം, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം നയിക്കുന്ന കര്‍ഷക സഹേദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍  ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കിയത്.

ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ നക്സലുകളാണെന്ന ആരോപണത്തിന് രൂക്ഷ മറുപടിയുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. ന്യായമായ ആവശ്യങ്ങള്‍ പാലിക്കാനാവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഈ കൊടുംതണുപ്പില്‍ സമരം ചെയ്യുന്നത്.  എന്നാല്‍ ഈ സമരം അടിച്ചൊതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഡിഎന്‍എ ഉള്ളവര്‍ക്കാണ് കര്‍ഷകരില്‍ നക്സലുകളെ കാണാന്‍ സാധിക്കുക. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണയുമായി ജില്ലാ ആസ്ഥാനങ്ങളില്‍ സമാധാന പരമായി പ്രതിഷേധിക്കണമെന്നാണ് മുന്‍  യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ ഡിസംബര്‍ 17 നകം  സമരം അവസാനിപ്പിച്ച് ദില്ലിയെ മുക്തമാക്കിയില്ലെങ്കില്‍ ജാഫ്രാബാദ് വീണ്ടും ആവര്‍ത്തിക്കുമെന്ന് ഭീഷണി മുഴക്കിയ രാഗിണി തിവാരി എന്ന ജാനകി ബഹനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കൂടി ആരാഞ്ഞു.

 

https://www.youtube.com/watch?v=CoSsigXXMEk

By Arya MR