കൊച്ചി
പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി കോര്‍പ്പറേഷനു മുകളില്‍ ചെങ്കൊടി പാറുമോ? നഗരവാസികള്‍ ഉറ്റുനോക്കുന്നത് ഈയൊരു ചോദ്യത്തിന്‍റെ ഉത്തരത്തിനാണ്. വലിയ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. പോയ രണ്ടു ടേമിന് മുന്‍പ് 31 വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിനായിരുന്നു. കോണ്‍ഗ്രസ് മണ്ഡലമെന്ന് അറിയപ്പെടുന്ന എറണാകുളം നഗരത്തിന്‍റെ ഹൃദയഭൂമിയില്‍ 1979 മുതല്‍ 2010 വരെ ദീര്‍ഘകാലം എല്‍ഡിഎഫ് തുടര്‍ച്ചയായി അധികാരത്തിലെത്തിയത് എന്നും ഒരു അത്ഭുതമായിരുന്നു. എന്നാല്‍ 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. തൊട്ടടുത്ത ഊഴത്തിലും സൗമിനി ജയിനിലൂടെ യുഡിഎഫ് അധികാരം നിലനിര്‍ത്തി.
ഇത്തവണ എന്തായാലും ഭരണം തങ്ങള്‍ക്കെന്നാണ് ഇടത് പ്രവര്‍ത്തകരുടെ വിശ്വാസം. ഇക്കാര്യം മേയര്‍ സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍ തിരഞ്ഞെടുപ്പിനു ശേഷം മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ മറച്ചുവെച്ചില്ല. മുന്‍ മേയറുടെ കാലത്ത് മുന്‍പില്ലാത്ത വിധം ഒട്ടേറെ വിവാദങ്ങളാണ് നഗരസഭാഭരണത്തില്‍ ഉയര്‍ന്നു വന്നത്. വെള്ളക്കെട്ടടക്കമുള്ള കാര്യങ്ങളില്‍ ഹൈക്കോടതി തന്നെ കോര്‍പ്പറേഷനെ കുറ്റപ്പെടുത്തിയിരുന്നു. യുഡിഎഫ് ഭരണകാലത്തെ ഇത്തരം വിമര്‍ശനങ്ങളും വികസന മുരടിപ്പും അഴിമതിയും ചൂണ്ടിക്കാട്ടിയായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ താഴേക്കിടയിലുള്ള ക്ഷേമപദ്ധതികള്‍ തുണയ്ക്കുമെന്നുമാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.
എന്നാല്‍ ഇതു മാത്രമല്ല, നഗരത്തിലടക്കം യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും കോണ്‍ഗ്രസ് റിബലുകളുടെ സാന്നിധ്യവും ഇവരുടെ പ്രതീക്ഷ കൂട്ടുന്നു. സത്യം പറഞ്ഞാല്‍ ഇടതു പക്ഷത്തും ഇത്തവണ റിബലുകളുണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കാന്‍ എല്‍ഡിഎഫ് കാണിക്കുന്ന സ്ഥിരോത്സാഹവും യുഡിഎഫ് ഇക്കാര്യത്തില്‍ കാണിക്കുന്ന വിമുഖതയുമാണ് ഇടതു ക്യാംപുകളില്‍ ആത്മവിശ്വാസം നിറയ്ക്കുന്നത്.
56 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. സിപിഐ എട്ട് സീറ്റിലും കേരള കോൺഗ്രസ് മാണി വിഭാഗം മൂന്ന് സീറ്റുകളിലുംഎൻസിപിയും ജനതാദള്‍ എസും രണ്ട് വീതം സീറ്റുകളിലും മത്സരിച്ചു. കോൺഗ്രസ് എസ്, സിപിഐഎംഎൽ റെഡ് ഫ്ലാഗ്, ഐഎൻഎൽ എന്നീ പാർട്ടികൾ ഒരോ സീറ്റിലും മത്സരിക്കുന്നു.
എങ്കിലും പോളിംഗ് കൂടുന്നത് ജില്ലയില്‍ തങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ പോക്കറ്റുകളില്‍ ഇത്തവണയും വിജയിച്ചു കയറാനാകുമെന്ന് എംപി ഹൈബി ഈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയപ്പോഴും കോര്‍പ്പറേഷന്‍ പരിധിയില്‍ പോളിംഗ് കുറഞ്ഞത് യുഡിഎഫിന് ആശങ്ക സൃഷ്ടിക്കുന്നു. യുഡിഎഫ് പ്രചാരണം പൊതുവെ തണുപ്പന്‍ മട്ടിലായിരുന്നു. ഇതിന് പുറമെ യുഡിഎഫ് സംവിധാനം പലയിടത്തും ശക്തവുമായിരുന്നില്ല. ഇതൊക്കെയാണ് എല്‍ഡിഎഫിന് മുന്‍തൂക്കം കല്‍പ്പിക്കപ്പെടാന്‍ കാരണം.