യൂസഫ്
യൂസഫ്
Reading Time: < 1 minute
കൊച്ചി:

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പോലീസ് അറിയിച്ചു.

കൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടി ലൈസൻസ് റദ്ദ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടത്. ഇത്തരം ക്രൂരത അനുവദിക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിയമപരമായ നടപടികൾ വകുപ്പ് സ്വീകരിക്കുമെന്നും ഓഫിസ് അറിയിച്ചു.

പട്ടിയെ കെട്ടിവലിച്ച സംഭവം

ഇന്ന് വൈകീട്ടോടെയാണ് എറണാകുളത്ത് നെടുമ്പാശേരി പറവൂർ റോഡിൽ ചാലാക്കയിൽ അതിക്രൂരമായ സംഭവം അരങ്ങേറിയത്. 30 കിലോമീറ്ററോളം വേഗത്തിൽ പാഞ്ഞ കാറിന്റെ ഡിക്കിയിൽ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളർന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു.

ദൃശ്യങ്ങൾ പകർത്തിയ അഖിൽ കാറിനെ മറികടന്ന് തടഞ്ഞു നിർത്തുകയായിരുന്നു. അഖിലിനോട് കയർത്ത കാർ ഡ്രൈവർ നായയുടെ കെട്ടഴിച്ചു വിട്ട ശേഷം മുങ്ങി. റോഡിൽ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു നായ. ഉച്ചയോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടതോടെ വ്യാപക പ്രതിഷേധമുയർന്നു.

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ചെങ്ങമനാട് പോലീസ് കാർ നമ്പർ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനൊടുവിലാണ് കാർ ഓടിച്ചിരുന്ന യൂസഫിനെ കണ്ടെത്തിയത്. ദയ ആനിമൽ വെൽഫെയർ അസോസിയേഷൻ പരുക്കേറ്റ നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

 

 

 

 

Advertisement