Tue. Nov 5th, 2024
UP police takes custody of Muslim couple claiming Love Jihad

 

കൊവിഡ് മഹാമാരിക്കിടയിലും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി കണ്ടതുകൊണ്ടായിരിക്കാം യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ ലവ്​ ജിഹാദിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നത്. നിയമം വന്നതോടെ ഇപ്പോൾ ലവ് ജിഹാദ് എന്ന് കേൾക്കുന്ന ഇടത്ത് മറ്റെല്ലാ ജോലികളും മാറ്റിനിർത്തി ഓടിചെല്ലലാണ് യുപി പോലീസിന്റെ പ്രധാന ജോലി.

ഇന്നലെ ഉത്തര്‍ പ്രദേശിലെ ഖുശിനഗറില്‍ ലൗ ജിഹാദ് എന്ന് ആരോപിച്ച് മുസ്ലീങ്ങളായ യുവാവിന്റെയും യുവതിയുടേയും വിവാഹം പോലീസ് തടഞ്ഞു. മുസ്ലീമായ യുവാവ് ഹിന്ദുവായ യുവതിയെ മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നു എന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തി പോലീസ് വിവാഹം തടയുകയും വധുവിനേയും വരനേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പേരും മുസ്ലീം മതവിശ്വാസികളാണ് എന്ന് വ്യക്തമായതോടെ ഇരുവരേയും പോലീസ് വിട്ടയച്ചു. 39കാരനായ അലി ഹൈദറിനും വധുവിനുമാണ് ഇത്തരത്തിലൊരു ദുരിത അനുഭവമുണ്ടായത്. 

കാസ്യ പോലീസ് സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ പോലീസുകാര്‍ തന്നെ ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അലി ഹൈദര്‍ ആരോപിച്ചു. ഇതൊക്കെ പോലീസ് പാടെ നിഷേധിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും സര്‍ക്കാര്‍ ഇത്തരം കേസുകളെ കര്‍ശനമായാണ് കാണുന്നത് എന്നതും കൊണ്ടാണ് പോലീസ് പെട്ടെന്ന് ഇടപെട്ടത് എന്നാണ് ഈ വിഷയത്തിൽ  സര്‍ക്കിള്‍ ഓഫീസര്‍ പ്രതികരിച്ചത്.

ലവ് ജിഹാദ് തടയാനുള്ള യുപി പോലീസിന്റെ ഈ വെഗ്രതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. അതിൽ ശ്രദ്ധേയമായ ഒരു പോസ്റ്റാണ് യു എം മുക്തറിന്റേത്.

https://www.facebook.com/100000382046015/posts/3675639195792112/?d=n

വിളിച്ചു പറഞ്ഞത് ഇവിടെ ഒരു പെണ്ണിനെ റേപ് ചെയ്യുന്നു എന്നായിരുന്നു എങ്കിൽ മൈൻഡ് ചെയ്യാത്തവരാണ് യുപി പോലീസ് എന്ന് പോസ്റ്റിൽ പറയുന്നു. ഇതൊക്കെയാണ് സംഘികളുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എക്സ്പ്രസിലെ വാർത്തയുടെ ഫോട്ടോ സഹിതമാണ് മുക്തറിന്റേ പ്രസ്താവന.

By Athira Sreekumar

Digital Journalist at Woke Malayalam