തിരുവനന്തപുരം:
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് രാവിലെ തന്നെ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെയും കൊവിഡ് ചികിത്സയെയും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യൻറ് കെയര്‍, ഐ.സി.യു കെയര്‍ എന്നിവയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.
എന്നാൽ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണത്തില്‍ സംസ്ഥാനത്തെ പല ആശുപത്രികളിലെയും രോഗികൾ ദുരിതത്തിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്ക് ടോക്കൺ നൽകുന്നുണ്ട്. എന്നാൽ ഡോക്ടർമാർ സമരത്തിലായതിനാൽ രോഗികളെ കാണുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണ്.
കൊച്ചിയിലെ മിക്ക സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഒ പി പ്രവർത്തിക്കുന്നില്ല. കൊവിഡ് ചികിത്സയെ കേന്ദ്രമായ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ സമരമില്ല. തൃശൂർ മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം പൂർണമായി നിലച്ചു.
അതേമസയം കൊല്ലത്തും പത്തനംതിട്ടയിലും സമരം കാര്യമായി ബാധിച്ചിട്ടില്ല. അത്യാഹിത വിഭാഗങ്ങൾ അടക്കം പ്രവർത്തിക്കുന്നുണ്ട്. ജനറൽ ഒപികളിൽ ഡോക്ടർമാരുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളായ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, കെ.ജി.എസ്.ഡി.എ, കെ.ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ തുടങ്ങിയവ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുൾപ്പെടെ നടത്തില്ല.
https://www.youtube.com/watch?v=kO2Q3ji6nuU