Mon. Dec 23rd, 2024
ഡൽഹി:

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി  തുടങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്ക് ചേരുന്നത്.

നാളെ നടക്കാൻ പോകുന്ന ഭാരത് ബന്ദിന് 18 പാർട്ടികളാണ് പിന്തുണ നൽകിയിരിക്കുന്നത്. അതേസമയം ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെങ്കിലും ഫലത്തിൽ, ദില്ലി അതിർത്തിയിലേക്ക് കൂടുതൽ കർഷകരെത്തുന്നത് തടയാൻ കൂടി ഇത് കാരണമാവും. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും.

അതേസമയം നാളത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആർഎസ്എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്  വ്യക്തമാക്കി.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് സിങ്കു അതിർത്തിയിലെത്തും. ദില്ലിയിലെ മറ്റ് മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടാകും. കർഷകർക്കായി ദില്ലി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും.

അതേസമയം, കർഷക സമരത്തെ നേരിടാൻ തന്നെയാണ് ഇനി കേന്ദ്ര സർക്കാരിന്റെ നീക്കം എന്ന് സൂചന നൽകുന്ന രീതിയിൽ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ പ്രസ്താവന പുറത്തുവന്നു.

പുതിയ കാർഷിക നിയമങ്ങൾ എന്ത് വന്നാലും പിൻവലിക്കാൻ ആലോചനയില്ലെന്നും ചർച്ചയിലൂടെ സമരത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരത്തെ നേരിടാൻ കേന്ദ്ര സർക്കാരും തയ്യാറായിരിക്കുകയാണ് എന്നാണ് ഉയർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.

അതേസമയം കാർഷിക സമരം ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് തന്നെയാണ് നിലവിലെ സാഹചര്യം പരിശോധിച്ചാൽ മനസിലാകുന്നത്.

നാളെ നടക്കാൻ പോകുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച എൻഡിഎയിലെ സഖ്യകക്ഷിയായ ആർഎൽപി നിയമം പിൻവലിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒമ്പതിന് ശേഷവും കര്‍ഷകരുടെ സമരത്തില്‍ അനുകൂല തീരുമാനമുണ്ടായെങ്കില്‍ മുന്നണി വിടുമെന്ന് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.

ഭാരത ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേപോലെ തന്നെ  കർഷക പാർട്ടിയായ ദുഷ്യന്ത് ചൗട്ടാലയുടെ ജൻ നായക് ജനത പാർട്ടിയും (ജെജെപി) കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ജെജെപിയിൽ നിന്നുള്ള 5 എംഎൽഎമാരാണ് കേന്ദ്രത്തിനെതിരെ ശബ്ദം ഉയർത്തിയിരിക്കുന്നത്. ജെജെപിയുടെ പത്തുസീറ്റിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഹരിയാണയിലെ എൻഡിഎ സർക്കാരിന് ഇത് കടുത്ത ആഘാതമാണ്.

ജെജെപി മുന്നണിയിൽ നിന്ന് പോയാൽ എൻഡിഎ സർക്കാർ ഹരിയാനയിൽ താഴെ വീഴും. കർഷക വോട്ട്ബാങ്കിന്റെ ബലത്തിലാണ് ചൗട്ടാലയുടെ പാർട്ടിയുടെ നിലനിൽപ്. സമരം തുടർന്നാൽ ജെജെപിക്ക് ഭരണത്തിൽ തുടരാനാകില്ല. ശനിയാഴ്ച ഒരു സ്വതന്ത്ര എംഎൽഎ കൂടി ഹരിയാനയിൽ രാജിവെച്ചതും എൻഡിഎയ്ക്ക് സമ്മർദമായിരുന്നു.

അതേസമയം ലോകമെമ്പാടും കർഷക സമരങ്ങൾക്ക് പിന്തുണയേറുകയാണ്. കാനഡയ്ക്ക് പിന്നാലെ ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനിൽ കർഷക പ്രതിഷേധത്തെ പിന്തുണച്ച് നടത്തിയ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവരിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആൽഡ്‌വിച്ചിലെ ഇന്ത്യൻ എംബസിക്കരികിലായിരുന്നു പ്രതിഷേധം. ട്രഫൽഗർ ചത്വരത്തെ ചുറ്റി പ്രതിഷേധക്കാർ റാലി നടത്തുകയും ചെയ്തു. പ്ലക്കാർഡുകളുമായി തെരുവിലിറങ്ങിയ ആളുകളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവർ വഴങ്ങിയില്ല. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.

https://www.youtube.com/watch?v=BsWiaWW2bk4

By Arya MR