Sat. Apr 20th, 2024

ന്യൂഡല്‍ഹി:

കൊവിഡ് വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവീഷീല്‍ഡ് വാക്സിന് ഉപയോഗിക്കാനാണ് അനുമതി തേടിയത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു കമ്പനി വാക്സിന്‍റെ അടിയന്തിര അനുമതി തേടി കേന്ദ്രസര്‍ക്കാരിന് കത്തയക്കുന്നത്.

കഴിഞ്ഞ ദിവസം യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ അവരുടെ കൊവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍, ഫെെസറിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ലയെന്നാണ് വിവരം.

ക്ലീനിക്കല്‍ ട്രയലില്ലാതെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പരീക്ഷണം ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം ഫെെസര്‍ അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കൊവിഡ് വാക്സിന്‍ വിതരണത്തിനുള്ള അനുമതിക്കായി ഡിസിജിഐയെ സമീപിക്കുന്ന ആദ്യ കമ്പനിയായിരുന്നു ഫെെസര്‍. ഇതിന് പിന്നാലെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അനുമതി ആവശ്യപ്പെട്ട് കത്ത് അയച്ചിരിക്കുന്നത്. യുകെയിലും ബഹ്റെെനിലും വാക്സിന്‍ പെതുജനത്തിന് നല്‍കാന്‍ ഫെെസറിന് അനുമതി നല്‍കിയിട്ടുണ്ട്.

https://www.youtube.com/watch?v=kkic8Pu1028

അതേസമയം, കോവീഷീല്‍ഡ് വാക്സിന്‍റെ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷണഫലത്തിനായി കാത്തിരിക്കവെയാണ് ഈ അനുമതി തേടിയിരിക്കുന്നത്.

അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ഭാഗം ഈ കോവീഷീല്‍ഡ് വാക്സിന്‍റെ യുകെയിലെയും ബ്രസീലിലിെയും പരീക്ഷണഫലം വിജയകരമായിരുന്നു എന്നാണ്.70 ശതമാനം വിജയമായിരുന്നുവെന്നാണ് ഈ അപേക്ഷയില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്.

ഇന്ത്യയില്‍ വാക്സിന്‍ പരീക്ഷണം നടത്തിയ 1600 പേരിലും വിപരീത ഫലം ഉണ്ടായിട്ടില്ലയെന്ന് വ്യക്തമാക്കികൊണ്ടാണ് അനുമതി തേടിയിരിക്കുന്നത്. കോവിഷീൽഡ് കോവിഡ് 19 വളരെയധികം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കോവീഷീല്‍ഡ് വാക്സിന്‍ വിജയമാണെന്ന സൂചന തന്നെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉള്ളത്. വാക്സിന്‍ ആഴ്ചകള്‍ക്കകം തന്നെ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഈ കൊവിഡ് വാക്സിന്‍ വിജയകരമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും 10 കോടി ഡോസ് വാക്സിന്‍ ആണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ വാക്സിന്‍ വിതരണത്തിന് എത്തും. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം വരുമെന്നാണ് സൂചന.

കോവിഷീൽഡും ഫൈസറും ഉൾപ്പടെ അഞ്ചോളം കൊവിഡ് പ്രതിരോധ വാക്സിനുകളാണ് അവസാനഘട്ട പരീക്ഷണങ്ങളിലുളളത്. റഷ്യ ഇതിനകം കൊവിഡ് പ്രതിരോധ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങി. രാജ്യം വികസിപ്പിച്ചെടുത്ത സ്പുട്നിക് ഫൈവ് ആണ് മോസ്കോയിലെ ക്ലിനിക്കുകകളിലൂടെ റഷ്യ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുളളത്.

 

By Binsha Das

Digital Journalist at Woke Malayalam