ഗോഹട്ടി:
ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഹെെന്ദവരെ വിലക്കി ബജ്റംഗ്ദള്‍. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ് റംഗ്ദള്‍ നേതാവ് മിത്തുനാഥ് മുന്നറിയിപ്പ് നല്‍കി.
ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കളെ കെെകാര്യം ചെയ്യുമെന്നാണ് അസ്സമിലെ വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ മിത്തുനാഥ് ഭീഷണി മുഴക്കിയിരിക്കുന്നത്.
അസമിലെ സില്‍ച്ചറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മിത്തുനാഥിന്‍റെ വിദ്വേഷ പ്രസ്താവന. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചു പൂട്ടിയതിനോടുള്ള കടുത്ത അമര്‍ഷത്തിലാണ് മിത്തുനാഥിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
“ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളികൾ സന്ദർശിച്ചാൽ ക്രൂരമായി മർദ്ദിക്കും. അവർ ഷില്ലോങ്ങിലെ ക്ഷേത്രങ്ങൾ പൂട്ടിയിട്ടു, തങ്ങളുടെ ആരാധനാലയങ്ങള്‍ കാരണമില്ലാതെ അടച്ചു പൂട്ടിയ അവരോടൊപ്പം ഞങ്ങൾ ആഘോഷിക്കുകയാണ്. ഇത് സംഭവിക്കാൻ പാടില്ല, ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരു ഹിന്ദുവിനെയും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ഉല്ലസിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യു”-എന്നായിരുന്നു മിത്തുനാഥിന്‍റെ വിവാദപ്രസ്താവന.
https://www.youtube.com/watch?v=lI-D2L5ghuE
ഹിന്ദുക്കളെ ഉപദ്രവിച്ചാല്‍ ഡിസംബര്‍ 26ലെ പത്രത്തിലെ തലക്കെട്ടുകള്‍ ‘ഗുണ്ടാ ദൾ’ ഓറിയന്‍റൽ സ്കൂളിനെ ആക്രമിച്ചു എന്ന രീതിയിലാകും. പക്ഷേ അത് നമ്മള്‍ ഗൗനിക്കുന്നില്ല. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഹിന്ദുക്കളെ ആഘോഷിക്കാന്‍ അനുവദിക്കില്ലയെന്നാണ് ബജ്റംഗ്ദള്‍ നേതാവിന്‍റെ ഭീഷണി.
സിൽച്ചർ ക്രിസ്റ്റ്യൻ ന്യൂനപക്ഷ പ്രദേശമാണെങ്കിൽ പോലും അംബികപട്ടിയിലെ ഓറിയന്‍റൽ സ്കൂൾ കേന്ദ്രീകരിച്ച് ക്രിസ്മസ് അവധിയാഘോഷങ്ങൾ വലിയ തോതിൽ നടക്കാറുണ്ട്.
കേരളത്തിലും ക്രിസ്മസ് സ്റ്റാറുകളില്‍ വര്‍ഗീയ വിഷം കുത്തിവെയക്കുന്നത് ഈ അടുത്ത ദിവസങ്ങള്‍ ചര്‍ച്ചയായിരുന്നു. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം ‘മകരനക്ഷത്രം’ തൂക്കാന്‍ ആഹ്വാനവുമായി തീവ്ര ഹിന്ദുത്വവാദികള്‍ എത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവരുടെ ആഹ്വാനം.