ലക്ക്‌നൗ:
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ് യുപി പൊലീസ്.
ലക്‌നൗവിലെ പാരാ മേഖലയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പ് പൊലീസ് സംഘം വേദിയിലെത്തി ഇരുകൂട്ടരോടും പൊലീസ് സ്‌റ്റേഷനിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിവാഹത്തിനു മുമ്പ് ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റില്‍നിന്ന് അനുമതി നേടണമെന്ന് പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ഒരു മതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടി മറ്റൊരു വിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതായി ഡിസംബർ രണ്ടിന് വിവരം ലഭിച്ചുവെന്നു പൊലീസ് പറഞ്ഞു.
ഇരുകൂട്ടരേയും പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് പുതിയ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് നല്‍കി. ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ച് നിയമപരമായി അനുമതി നേടണമെന്ന് ഇവരോട് ആവശ്യപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
ഇരുകുടുംബങ്ങളുടെയും അനുമതിയോടെയാണു വിവാഹം നടക്കാനിരുന്നത്. നിയമപരമായ അനുമതി നേടിയ ശേഷം വിവാഹം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനമെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് പ്രകാരം വിവാഹത്തിനു വേണ്ടി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതു കുറ്റകരമാണ്. വിവാഹത്തിനു ശേഷം മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടു മാസം മുമ്പു തന്നെ ജില്ലാ മജിസ്‌ട്രേറ്റിനെ വിവരമറിയിക്കണം.
നിര്‍ബന്ധിച്ചല്ല മതപരിവര്‍ത്തനം നടത്തിയതെന്നു തെളിയിക്കേണ്ട ബാധ്യത അതു നടത്തുന്നവര്‍ക്കാണ്. ഈ ഓര്‍ഡിനന്‍സ് പ്രകാരം ജാമ്യമില്ല വകുപ്പു ചുമത്തിയാകും കേസ് ചാര്‍ജ് ചെയ്യുക. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ അഞ്ചു വര്‍ഷം തടവും 15,000 രൂപ പിഴയുമാണു ശിക്ഷ.
അധസ്ഥിത വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണു നിര്‍ബന്ധിച്ചു മതംമാറ്റുന്നതെങ്കില്‍ ശിക്ഷ മൂന്നു മുതല്‍ പത്തു വര്‍ഷം വരെയാകും. കൂട്ടമതംമാറ്റത്തിനും ഇതേ ശിക്ഷ തന്നെയാണ്.
https://www.youtube.com/watch?v=SGQEIrDfF-Y