Sat. Jan 18th, 2025
Rajinikanth and Kamal Haasan

ചെന്നെെ:

രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചതോടെ രജനികാന്തിനെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ചടുലനീക്കവുമായി രാഷ്ട്രീയ കക്ഷികള്‍. രജനിയുമായി കെെകോര്‍ക്കാനുള്ള നീക്കവുമായി കമല്‍ ഹാസന്‍ മുന്നോട്ട് പോകുകയാണ്.  രജനിയുമായി ചേര്‍ന്ന് ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലായി തമിഴ്നാട്ടില്‍ മൂന്നാം മുന്നണി രൂപീകരിക്കാനാണ്  ശ്രമം.

രജനികാന്തുമായി കമല്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.  നല്ലവരായ എല്ലാവരുമായും കൈകോർക്കും എന്നാണ് കമലിന്റെ നയം. തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ആവശ്യമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധനാണെന്ന് മക്കൾ നീതി മയത്തിന്റെ തലവൻ കൂടിയായ കമല്‍ഹാസന്‍ രജനികാന്തിനെ അറിയിച്ചിരുന്നു.

ജനങ്ങൾക്ക് നന്മയ്ക്കുവേണ്ടി ആവശ്യം വരുമ്പോൾ രാഷ്ട്രീയമായി കമലുമായി ഒന്നിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അന്ന് രജനികാന്തും സന്നദ്ധത അറിയിച്ചെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിരുന്നില്ല.

https://www.youtube.com/watch?v=jqsJcJ1YwrY

ബിജെപി 

അതേസമയം, രജനികാന്തിനെ കൂടെകൂട്ടാന്‍ ബിജെപിയും കടുത്ത ശ്രമം നടത്തുകയാണ്. രജനിയെ എന്‍ഡിഎയിലേക്ക് അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം സ്വാഗതം ചെയ്തു. വരുന്ന നിയമസഭ തിര‍ഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ച മുന്നില്‍കണ്ടാണ് രജനികാന്തിനെ കൂടെകൂട്ടാനുള്ള ബിജെപിയുടെ നീക്കം. അതുകൊണ്ട് തന്നെയാണ് അണ്ണാഡിഎംകെയും പിന്തുണ അറിയിച്ചത്.

അണ്ണാഡിഎംകെയ്ക്ക് അതൃപ്തിയുണ്ടെങ്കിലും ഭരണത്തുടര്‍ച്ചയ്ക്ക് സൂപ്പര്‍ സ്റ്റാറുമായി കെെക്കോര്‍ക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് അണ്ണാഡിഎംകെ.25 ശതമാനം വരെ വോട്ട് നേടാനാകുമെന്നാണ് രജനി മക്കള്‍ മന്‍ഡ്രത്തിന്‍റെ കണക്കുകൂട്ടല്‍. തമിഴ്നാട്ടിലെ സൂപ്പര്‍ സ്റ്റാറിനോടുള്ള ആരാധന വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ കക്ഷികളുടെ ഭയം. താരാരാധന വോട്ടായി മാറിയാല്‍ വന്‍ മുന്നേറ്റമായിരിക്കും രജനികാന്തിന് ഉണ്ടാകുക.

 

By Binsha Das

Digital Journalist at Woke Malayalam