Fri. Nov 22nd, 2024
cyclone
തിരുവനന്തപുരം:

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

എമർജൻസി കിറ്റ് തയ്യാറാക്കി കൈയ്യിൽ കരുതണം. എമർജൻസി കിറ്റ് സംബന്ധിച്ച വിവരങ്ങൾ www.sdma.kerala.gov.in ൽ ലഭിക്കും. ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്തരുത്. കേരളതീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം.വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കണം. വാതിലുകളും ഷട്ടറുകളും അടയ്ക്കണം. മരങ്ങൾ ഒടിഞ്ഞു വീഴാതിരിക്കാൻ കോതി ഒതുക്കണം.

തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടിൽ അടച്ചിടുകയോ ചെയ്യരുത്. അതാതു സമയത്തെ നിർദ്ദേശങ്ങൾ അറിയുന്നതിന് വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കണം. കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പു വരുത്തുക.
മൊബൈൽ ഫോൺ, ലാപ്ടോപ്പ്, യു.പി.എസ്., ഇൻവെർട്ടർ എന്നിവയിൽ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കണം.

വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, കടൽ, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണം. ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാർ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ്സൈറ്റിലും കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtvm.gov.in വെബ്സൈറ്റിലും നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണം. അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിൽ ബന്ധപ്പെടണം.