Wed. Dec 18th, 2024
അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്
കൊച്ചി:

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ ക്ലീന്‍ചിറ്റ്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണം. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിലുള്ള അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഎം നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നാണ് വിശദീകരണം. തെറ്റ് പിന്നീട് തിരുത്തിയെന്നും പണം അന്‍വര്‍ തിരിച്ചടച്ചെന്നുമാണ് സഹകരണ സംഘം രജിസ്ട്രാർ നൽകിയ വിവരാവകാശ മറുപടി.

ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഎം പ്രാദേശിക നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ട്രഷറി അക്കൗണ്ടിൽ നിന്നുള്ള പണം മാറ്റിയത്. പിഴവ് തിരിച്ചറിഞ്ഞപ്പോൾ അൻവറിനോട് പണം തിരികെ അടക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അൻവർ പണം തിരികെ അടക്കുകയും ചെയ്തു എന്നാണ് സഹകരണ സംഘം രജിസ്ട്രാർ നൽകിയ മറുപടി.

എറണാകുളം കളക്ട്രേറ്റിലെ ജീവനക്കാരനും ജില്ലയിലെ പ്രാദേശിക സിപിഎം നേതാക്കളുമുള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ അയ്യനാട് സഹകരണ ബാങ്കിലെത്തിയ പണം സംബന്ധിച്ചും ഇടപാടുകള്‍ സംബന്ധിച്ചുമാണ് വിവരാവകാശം തേടിയത്. ഏറെ കോളിളക്കമുണ്ടാക്കിയ കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സഹകരണ ബാങ്കിലെ ജീവനക്കാരന്റെ ആത്മഹത്യയും കേസില്‍ ബാങ്കിന്റെ ഇടപാടുകള്‍ സംശയത്തിലാക്കിയിരുന്നു. കേസ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോഴും നടക്കുകയാണ്. കേസില്‍‌ അറസ്റ്റിലായ അന്‍വറിന് പിന്നീട് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.