തിരുവനന്തപുരം:
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ന്യൂനമർദ്ദം ഇപ്പോൾ ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടർന്ന് അടുത്ത രണ്ട് ദിവസം കേരളത്തില്‍ കനത്ത മഴയാണ് പ്രവചിക്കുന്നത്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്ഥാനം. ഇത് തമിഴ്നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിനും ആശങ്കയാകുന്നത്.
ബുറേവി ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ ഡിസംബർ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
https://www.youtube.com/watch?v=5grIhUKtPVg
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും തീരമേഖലയിലും മലയോര മേഖലയിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.