Fri. Nov 22nd, 2024
CPM Against Thomas Isaac

തിരുവനന്തപുരം:

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചൊല്ലി സിപിഎമ്മിലെ ഭിന്നത തുടരുന്നു. തോമസ് ഐസക്കിന് കടുത്ത അതൃപ്തിയായിരുന്നു റെയ്ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ധനമന്ത്രിയെ തള്ളികൊണ്ട്  കൂടുതല്‍ മന്ത്രിമാരും പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ന് ചേര്‍ന്ന നിര്‍ണായകമായ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ധനമന്ത്രിയുടെ പേര് പറയാതെയാണ് ശാസിച്ചത്. വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.-സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പരസ്യ പ്രസ്താവനയില്‍ പറയുന്നു.

https://www.youtube.com/watch?v=y7SL2NrU2Es

കെഎസ്എഫ്ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. തോമസ് ഐസക്ക് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് കേന്ദ്ര നേതാക്കൾ അറിയിച്ചു.

വിജിലൻസ് റെയ്ഡിൽ അസാധാരണമായി ഒന്നുമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറ‍ഞ്ഞു. കെഎസ്എഫ്ഇയിൽ നടന്നത് റെയ്ഡല്ല എന്ന വിശദീകരണമാണ് മന്ത്രി ഇപി ജയരാജൻ പറയുന്നത്. മുഖ്യമന്ത്രി നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസകിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിക്കാണുമെന്നും ജയരാജന്‍ പറഞ്ഞു. കെഎസ്എഫ്ഇ പരിശോധനക്ക് വിജിലൻസിന് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറ‍ഞ്ഞത്.

 

By Binsha Das

Digital Journalist at Woke Malayalam