#ദിനസരികള്‍ 1048
ഡല്‍ഹി ശാന്തമാകുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അതൊരു ഹ്രസ്വകാലത്തെ ശമനം മാത്രമാണെന്നും ചിലതൊക്കെ ഇനിയും ആവര്‍ത്തിക്കുവാന്‍ പോകുന്നതേയുള്ളുവെന്നും ആശങ്കപ്പെടുന്നവരും ഒട്ടും കുറവല്ല. വര്‍ഗ്ഗീയതയുടെ തീയ്യില്‍ വേവിച്ചെടുക്കുന്ന അപ്പക്കഷണങ്ങള്‍ക്ക് മറ്റെന്തിനെക്കാളും രുചി കൂടുമെന്ന് ചിന്തിച്ചുറപ്പിച്ച സംഘപരിവാരം ഇനിയും മുസഫര്‍നഗറോ ഗുജറാത്തോ നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ രാജ്യം വീണ്ടും കൊലക്കളമാകും.
നിരപരാധികള്‍ തെരുവില്‍ കത്തിയമരും. അവരുടെ സ്വത്തുകള്‍ കൊള്ളയടിക്കപ്പെടും. ഇന്ത്യയില്‍ മതന്യൂനപക്ഷമായി ജീവിക്കുവാനുള്ള അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടും.
ജനാധിപത്യത്തിന്റെ കരുത്താണ് ഈ രാജ്യത്തിന്റെ സൌന്ദര്യം എന്ന് പഠിച്ചും പറഞ്ഞും പോന്നിരുന്ന ഒരു കാലമാണ് കൊഴിഞ്ഞുപോകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ പിച്ച വെച്ചു നടന്നിരുന്ന ഹിന്ദുത്വവര്‍ഗ്ഗീയത, ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം രാജ്യത്തിന്റെ സന്ധിബന്ധങ്ങളെയാകമാനം ഗ്രസിക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിരിക്കുന്നു. എല്ലാ ഇടങ്ങളും മലിനപ്പെടുത്തിയിരിക്കുന്നു.
മതങ്ങള്‍ തമ്മില്‍ ഇനിയൊരു ഉടമ്പടി അസാധ്യമാകുന്ന വിധത്തില്‍ അവരെ അന്യോന്യം വിഭജിച്ച് അകറ്റിയിരിക്കുന്നു. ഒട്ടും കുറവില്ലാതെ മനുഷ്യരെ വിഭജിക്കുന്ന പ്രത്യയശാസ്ത്രം അതിന്റെ ഹിംസ്രമുനകള്‍ രാകിമിനുക്കിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയ ഹിന്ദുത്വയുടെ അപാരമായ സാധ്യതകളെക്കുറിച്ച് സംഘപരിവാര നേതൃത്വത്തിന് ഒരു നൂറ്റാണ്ടുമുമ്പേ സമഗ്രമായ ധാരണയുണ്ട്.
ഗോള്‍വള്‍ക്കര്‍ രാജ്യം നിര്‍വചിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത്, പടിഞ്ഞാറന്‍ തത്വചിന്തകരും രാഷ്ട്രമിമാംസകരും രൂപംകൊടുത്ത ചിന്താപദ്ധതികള്‍ക്കു പിന്നാലെ പോയി ഭാരതീയതയെ മറന്നു കളയരുത് എന്നാണ് (അധ്യായം രണ്ട്.) എന്താണ് ഈ ഭാരതീയത? ഏകമുഖമായ, ബഹുസ്വരതകളെ നിരാകരിക്കുന്ന, ബ്രാഹ്മണികമായ മേധാവിത്വങ്ങളില്‍ ജീവിച്ചു പോകുന്ന ശ്രേണിബദ്ധമായ ജാതി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തെയാണ് എം എസ് ഗോള്‍വള്‍ക്കര്‍ ഭാരതീയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ അന്യമതങ്ങളെയെന്നല്ല, അവൈദികങ്ങളും എന്നാല്‍ ഭാരതീയവുമായ ആശയങ്ങളെപ്പോലും അക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.
ഉദാഹരണത്തിന് വേദപ്രാമാണ്യം അംഗീകരിക്കാത്ത ചാര്‍വാകാദി നിരീശ്വരവാദികളെ പരിഗണിക്കുക. അവയൊന്നും തന്നെ സംഘപരിവാരത്തിന് ഭാരതീയമല്ല. അപ്പോള്‍ വര്‍ണവ്യവസ്ഥയെ പരിലാളിക്കുന്ന ആശയസംവിധാനങ്ങളെ മാത്രമേ അവര്‍ ഭാരതീയമായി പരിഗണിക്കുന്നുള്ളുവെന്ന് വരുന്നു.
അതിനപ്പുറത്തുള്ളതെല്ലാം അധമമായി കണക്കാക്കി അവസാനിപ്പിച്ചെടുക്കേണ്ടതാണ്. ബുദ്ധ ജൈന മതങ്ങളോട് ഇക്കാലത്തു കാണിക്കുന്ന സഹിഷ്ണുത നിറഞ്ഞ സമീപനം ഏറെക്കാലത്തേക്ക് നിലനില്ക്കുമെന്ന് ആരും പ്രത്യാശിക്കേണ്ടതില്ല. മുസ്ലിംങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകളേയും ഒന്ന് അരിക്കാക്കിക്കൊള്ളട്ടെ, ബാക്കി കാര്യങ്ങളെല്ലാംതന്നെ പിന്നാലെ വന്നുകൊള്ളും.
ഇപ്പോള്‍ ഒരു പൊതുശത്രുവിനെ മാത്രമേ താല്കാലികമായി സംഘപരിവാരം പ്രഖ്യാപിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ ഇപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ തങ്ങള്‍ക്ക് അനുകൂലമായി പോകുന്നുണ്ടെന്ന് അവര്‍ക്കറിയാം. ആറെസ്സെസ്സ് എന്ന ഫാസിസ്റ്റ് സംഘടന രൂപംകൊണ്ടിട്ട് ഒരു രു നൂറ്റാണ്ടുകാലം 2025 ല്‍ ആഘോഷിക്കാന്‍ പോകുന്നു. അപ്പോഴേക്കും ഹിന്ദുത്വയ്ക്ക് പരമപ്രാധാന്യം ലഭിക്കുന്ന ഒരു ഭരണവ്യവസ്ഥ ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഫലമാണ് ചുറ്റും നടക്കുന്ന കലാപങ്ങളെന്ന് നമുക്കറിയാം.
ആയതിനാല്‍ സമാധാനകാലം അഥവാ ഇടവേള എന്ന് നാം കരുതുന്ന സമയങ്ങളില്‍ ഇവിടെ നടക്കുന്നത് ആയുധസമാഹരണങ്ങളാണ് എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതുകൊണ്ട് ഡല്‍ഹിയടക്കമുള്ള ഇടങ്ങള്‍ ശാന്തമാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആശങ്കകള്‍ അവസാനിക്കുന്നില്ലെന്ന് മാത്രവുമല്ല അടുത്തതെവിടെ എന്നൊരു ഭീതി നട്ടെല്ലിനെ തൊട്ടു നില്ക്കുന്നുമുണ്ട്. കുലച്ചു നില്ക്കുന്ന ഹിന്ദുത്വയുടെ തീവ്രവാദികള്‍ ഈ രാജ്യത്തിനു മാത്രമുള്ളത് എന്ന് നാം ലോകത്തിനു മുന്നില്‍ അഹങ്കരിച്ചിരുന്ന മൂല്യങ്ങളെല്ലാം തന്നെ നിരസിച്ചുകൊണ്ട് ഹിന്ദുത്വയില്‍ അധിഷ്ഠിതമായ ഒരു ഫാസിസ്റ്റു വ്യവസ്ഥിയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചുകൊണ്ടേയിരിക്കുന്നു.
ഇടക്കിടെ മുസ്ലിംങ്ങള്‍ തങ്ങളുടെ ശത്രുക്കളാണെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇടവേളകള്‍ അടുത്തൊരു കലാപത്തിനുള്ള കോപ്പുകൂട്ടലുകള്‍ മാത്രമാണെന്ന് നാം തിരിച്ചറിയുകയും പ്രതിരോധങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും വേണം. രാജ്യം നിലനില്ക്കാനും ജനത നിലനില്ക്കാനും അത് അനുപേക്ഷണീയവുമാണ്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.