Wed. Jan 22nd, 2025

 

കൊറോണപ്പേടിയില്‍ അതിര്‍ത്തികള‍ടക്കുന്ന വെപ്രാളത്തിലാണ് ലോക രാജ്യങ്ങള്‍. ചൈനയില്‍ തുടങ്ങി ചൈനയില്‍ ഒടുങ്ങുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, വന്‍മതില്‍ കടന്ന് പടര്‍ന്ന് നില്‍ക്കുകയാണ് കോവിഡ്-19 എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കൊറോണ.

ചൈനയില്‍ കൊറോണ വ്യാപനത്തിന്റെ തോതില്‍ കുറവുണ്ടായത് ആശ്വാസം പകര്‍ന്നതിനു പിന്നാലെയാണ് യൂറോപ്പിലും അറബ് രാജ്യങ്ങളിലും കൊറോണ സ്ഥീരീകരിച്ചതും സാഹചര്യം വീണ്ടും പഴയപടിയിലെത്തിച്ചതും.

2337 പേര്‍ക്കാണ് ദക്ഷിണകൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ 140 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 22 പേര്‍ മരിക്കുകയും ചെയ്തു. യൂറോപ്പിനെ ഞെട്ടിച്ചുകൊണ്ട് ഇറ്റലിയിലാണ് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇവിടെ, 400ലേറെപ്പേര്‍ക്ക് വൈറസ് പിടിപെടുകയും, 12 പേര്‍ മരിക്കുകയും ചെയ്തെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

നേര്‍ത്തേണ്‍ ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ നിന്നാണ് പ്രധാനമായും കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റലി സന്ദര്‍ശിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും കൊറോണ പിടിപെട്ടിട്ടുണ്ട്. നോര്‍വെ, ജോര്‍ജിയ, ഫിന്‍ലന്‍റ്, ജര്‍മ്മനി എന്നിവിടങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് കൊറോണ വ്യാപിക്കുന്നത്. രോഗം ബാധിച്ച് മരണപ്പെടുന്നവരെ മാത്രമല്ല, ലോകരാജ്യങ്ങളെ എമ്പാടും ദുരിതത്തിലാഴ്ത്തുകയാണ് ഈ വ്യാധി. മൈലുകള്‍ക്കപ്പുറത്തുള്ള രാജ്യത്ത് നിന്ന് കൊറോണ ശാരീരികമായും സാമ്പത്തികമായും മറ്റു രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നു.

ലോകം ഭയക്കുന്ന ആഗോള മാന്ദ്യം

2008 നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രയാസത്തിലേക്കാണ് ലോക സാമ്പത്തിക വ്യവസ്ഥ നീങ്ങുന്നതെന്ന് ചില ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരമം മറ്റൊന്നുമല്ല, ലോകവ്യാപകമായി ഓഹരി വിപണിക്ക് കൊറോണ ബാധിച്ചതു തന്നെ.

വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ വിവിധ കമ്പനികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നത് വന്‍ പ്രതിസന്ധിക്ക് കാരണമാകുകയാണ്. സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് അമേരിക്കയിലെയും ബ്രിട്ടനിലേയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഓഹരിവിപണിയില്‍ തകര്‍ച്ചയുണ്ടാകുന്നതും സാമ്പത്തികലോകം ഉറ്റു നോക്കുകയാണ്.

വൈറസ് വ്യാപനം തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബ്രീട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞിരുന്നു. ഓഹരി വിപണിയില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനികള്‍ക്ക് 150 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംങ്ങിന്റെ നഷ്ടമാണ് ഉണ്ടായത്.

ബ്രീട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്

അമേരിക്കയിലെ ഐടി കമ്പനികളുടെ ഓഹരി സൂചികയായ നാസ്ഡാക്കിന് 4.6 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്. ആഗോള തലത്തിലെ വമ്പന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, പെപാല്‍, സ്റ്റാന്റേഡ്ചാറ്റേഡ്, തുടങ്ങിയ കമ്പനികള്‍ വളര്‍ച്ചാ നിരക്കിലെ കണക്കുകൂട്ടലുകളില്‍ വലിയ കുറവുവരുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് ഡവലപര്‍മാരുടെ വാര്‍ഷിക സമ്മേളനം വേണ്ടെന്നുവെച്ചത് സാങ്കേതിക ലോകത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. കാലിഫോര്‍ണിയയില്‍ നടക്കേണ്ടിയിരുന്ന ഈ സമ്മേളനത്തില്‍ ആയിരക്കണക്കിന് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെടും എന്നതാണ്, സമ്മേളനം റദ്ദാക്കുമ്പോള്‍ ആശങ്കയുണ്ടാക്കുന്നത്. 

അമേരിക്കന്‍ കമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ കൊറോണ വൈറസ് ബാധമൂലമുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കും, ധനകാര്യ കമ്പനിയുമായ ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ടൂറിസം വ്യോമയാനം, ഓട്ടോമോബൈല്‍ മേഖലകളെയാണ് പ്രതിസന്ധി ഗൂരുതരമായി ബാധിക്കുകയെന്നാണ് ധനകാര്യ വിദഗ്ദരില്‍ പലരും വിലയിരുത്തുന്നത്. ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അവരുടെ വാദം. 

ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം 13 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇതും സാമ്പത്തിക പ്രതിസന്ധിയുടെ വരവിനെ സൂചിപ്പിക്കുന്നതാണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. 

സാമ്പത്തിക ഞെരുക്കങ്ങള്‍ക്കപ്പുറം, ആതിഥേയ രാജ്യങ്ങളെ സംബന്ധിച്ച് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുള്ള വിവിധ പരിപാടികളാണ് കൊറോണ ഭീതിയില്‍ റദ്ദു ചെയ്യുന്നത് എന്നതും ആശങ്കാജനകമാണ്. കായിക മത്സരങ്ങള്‍ മാറ്റിവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കഴിഞ്ഞു. വൈറസ് ബാധയുടെ സാഹചര്യത്തില്‍ വടക്കന്‍ കൊറിയയിലേക്ക് മരുന്നുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ലോകാരാഗ്യ സംഘടനയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

വിശ്വാസികളെ ആശങ്കയിലാഴ്ത്തി കൊറോണ

സൗദിയില്‍ കൊറോണ ൈവൈറസ് ഇതുവരെ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍, സാധ്യതകലൊഴിവാക്കാനുള്ള നീക്കങ്ങലുമായി സൗദി. ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സൗദി വിദേശ കാര്യ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുകയാണ്.

ഒപ്പം കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദി പൗരന്‍മാര്‍ക്ക് പൗരന്‍മാര്‍ക്കും കൊറോണ സ്ഥിരീകരിച്ച മറ്റു രാജ്യങ്ങളിലേക്ക് പോവാനും വിലക്കുണ്ട്.

ലോകത്ത് വിവിധ കോണുകളില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് വിശുദ്ധ മാസത്തില്‍ സൗദിയിലേക്ക് തീര്‍ത്ഥാടനത്തിനെത്തുന്നത്. സൗദിയില്‍ നിന്ന് വിലക്കുണ്ടായ സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. കരിപ്പൂരിലെത്തിയ നാനൂറിലധികം തീര്‍ത്ഥാടകരാണ് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങിയത്.

കൊറോണ; ഡിസ്നിലാന്‍റിനും അവധി

വരുന്ന ആഴ്ചകളില്‍ ടോക്കിയോവില്‍ നടക്കുന്ന പൊതു പരിപാടികള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെ ഡിസ്‌നിലാന്‍ഡിന്റെ ടോക്കിയോയിലെ ശാഖയും താല്‍ക്കാലികമായി അടക്കുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 15 വരെയാണ് അടച്ചു പൂട്ടിയിരിക്കുന്നത്.

നേരത്തെ മാര്‍ച്ച് മാസം മുഴുവനും ജപ്പാനിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടിയിടാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒസാക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവേര്‍സല്‍ സ്റ്റുഡിയോസും താല്‍ക്കാലികമായി അടച്ചു പൂട്ടും. ജപ്പാന്‍ തീരത്തുള്ള ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ വെച്ച് മരണപ്പെട്ടവരുടെ എണ്ണം കൂടാതെ, കൊറോണ ബാധിച്ച് മൂന്നു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയുടെ കാര്യത്തില്‍ ആശങ്കയുമായി അമേരിക്ക

കൊറോമ വൈറസ് വ്യപനത്തില്‍ വ്യാകുലപ്പെട്ട് യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സി രംഗത്ത് വന്നിരിക്കുകയാണ്. വിവിധ ഭരണകൂടങ്ങള്‍ക്ക് കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശേഷിയാണ് അമേരിക്കന്‍ ഇന്‍റലിജന്‍സ് എജന്‍സി നിരീക്ഷിക്കുന്നത്.

ഇന്ത്യയെക്കുറിച്ചാണ് അമേരിക്ക ആശങ്ക പങ്കുവയ്ക്കുന്നത്.  ചൈനയെപ്പോലെ കൂടിയ ജനസംഖ്യയും ലഭ്യമായ പ്രതിരോധമാര്‍ഗങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വൈറസ് ബാധയെ പ്രതിരോധിക്കാനാകുമോ എന്നതാണ് അമേരിക്കയുടെ വ്യാകുലത. ജനസാന്ദ്രത കൂടിയതിനാല്‍ വൈറസ് വ്യാപനം അതിവേഗമാകുമെന്ന് ഇന്‍റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആരോഗ്യ സഹമന്ത്രിക്ക് ഉള്‍പ്പെടെ കൊറോണ ബാധ സ്ഥിരീകരിച്ച ഇറാനിലെ സാഹചര്യവും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. കൊറോണ ബാധയുടെ യഥാര്‍ഥ കണക്കുകള്‍ ഇറാന്‍ മറച്ചുവെച്ചേക്കാമെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൈക്ക് പോംപിയോ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ചില വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൊറോണ വ്യാപനത്തെ തടയാനുള്ള ശേഷിയില്ലെന്നും ഏജന്‍സികള്‍ അമേരിക്കന്‍ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേശീ‍യ സുരക്ഷയെയും സാമ്പത്തിക രംഗത്തെയും വരെ സ്വാധീനിക്കുന്ന വിഷയമായതിനാലാണ് കൊറോണ വ്യാപനത്തെ അമേരിക്കന്‍ ഇന്‍റലിജന്‍സ് കമ്മിറ്റി അതീവ ജാഗ്രതയോടെ നോക്കിക്കാണുന്നത്.

കൊറോണ ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഉത്തരകൊറിയയില്‍, സ്വേച്ഛാധിപതിയായ കിങ് ജോങ് ഉന്‍ ചില പ്രഖ്യാപിത അജണ്ടകളുമായാണ് മുന്നോട്ട് പോകുന്നത്.

വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാതെയും, പൗരന്മാരുടെയും മാധ്യമങ്ങളുടെയും ആശയവിനിമയത്തെ നിയന്ത്രിച്ചുമാണ് കൊറോണ സ്ഥിരീകരണം ഇതുവരെ ഇല്ലെന്ന് അവകാശപ്പെടുന്നതെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയെ കിങ് ജോങ് ഉന്നിന്‍റെ നിര്‍ദ്ദേശപ്രകാരം വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ലോക ജനതയ്ക്ക് ഭീഷണിയായ പകര്‍ച്ചവ്യാധികള്‍ ഇതിനു മുന്‍പും നാം കണ്ടതാണ്. ആശങ്കകളേറെ സൃഷ്ടിച്ച് അവ കടന്നു പോയിട്ടുമുണ്ട്. മരണസംഖ്യ ഏറുമ്പോഴും രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളില്‍ നിന്ന് രോഗം പടരുമ്പോഴും പ്രതീക്ഷയുടെ നേരിയ തിരിനാളം എന്നും അവശേഷിക്കാറുണ്ട്. ഇന്നു കാണുന്ന ഈ ലോകം ഈ പ്രതീക്ഷയില്‍ നിന്നുണ്ടായത് തന്നെയാണ്.