Sat. Nov 23rd, 2024
റാന്നി:

‘ക്രിസ്തുവില്‍ നാമേവരും ഒന്നാണ്’, ആരൊക്കെ പെടും ഈ ‘നാം’ എന്ന പദപ്രയോഗത്തില്‍? ക്രൈസ്തവ വിശ്വാസത്തിൻറെ സാമൂഹിക അടിത്തറയാണ് ഈ വാക്യമെന്ന് അവകാശപ്പെടുമ്പോഴും, വര്‍ണ്ണ വെറിയുടെ തീണ്ടല്‍പ്പലകകള്‍ തലപൊക്കുന്ന കാലം നാം കടന്നുപോയില്ല എന്ന ഓര്‍മ്മപ്പെടുത്തലുകളും ഉടലെടുക്കുന്നുണ്ട്.

ഭിന്നസ്വത്വബോധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട സമൂഹമാണ് ദളിത് ക്രൈസ്തവര്‍. പൊതുസമൂഹം ഏല്‍പ്പിച്ച മുറിവുകളും വര്‍ണജാതീയ വേര്‍തിരിവും, മറ്റ് ക്രിസ്ത്യാനികളാല്‍ ഉള്ള പരിഹാസങ്ങളും വകവയ്ക്കാതെ അവയെ പ്രതിരോധിച്ചുകൊണ്ടാണ് അവരുടെ ആത്മീയത വികാസം പ്രാപിച്ചത്.

ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കാത്ത മതങ്ങള്‍ക്ക് ഇന്ത്യയില്‍ നിലനില്‍പ്പുണ്ടായിട്ടില്ലെന്ന് ജവഹര്‍ലാല്‍ നെഹ്റു ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

“ചാതുര്‍വര്‍ണ്യത്തെ എതിര്‍ത്ത രണ്ട് മതങ്ങളെ ഇന്ത്യയിലുണ്ടായിട്ടുള്ളൂ. ബുദ്ധിസവും, ജൈനിസവും. എന്നാല്‍ ബുദ്ധിസത്തെ അവര്‍ എല്ലാ തരത്തിലും നശിപ്പിക്കുകയും, ജൈനിസത്തെ ഹൈന്ദവ വത്കരിച്ച് അവരിലേക്ക് സ്വാംശീകരിക്കുകയുമാണ് ചെയ്തത്. ക്രിസ്തു മതത്തിലും, ഇസ്ലാം മതത്തിലും ചാതുര്‍വര്‍ണ്യം മറ്റൊരു തരത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് അവ ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്”, നെഹ്റു എഴുതി.

19ാം നൂറ്റാണ്ടില്‍ ജാതിയുടെയും വര്‍ണ്ണത്തിന്‍റെയും പേരില്‍ നരകതുല്യമായ ജീവിതം നയിച്ചിരുന്ന കേരളത്തിലെ ദളിത് ജനവിഭാഗങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസവും സ്വാതന്ത്ര്യം, സമത്വം മുതലായ ആധുനിക ആശയങ്ങളും പരിചയപ്പെടുത്തിയത് പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു.

ചര്‍ച്ച് മിഷനറി സൊസൈറ്റി (സിഎംഎസ്) മിഷനറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഇരുന്നൂറ് വര്‍ഷം പിന്നിടുമ്പോഴും, വിവിധ സഭാവിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ദളിത് ക്രൈസ്തവര്‍ക്ക് അതത് സഭാവിഭാഗങ്ങളില്‍ പ്രത്യേകം മഹാ ഇടവകകളും പ്രത്യേകം പള്ളികളും ഉണ്ടെന്നുള്ള വസ്തുത, ക്രൈസ്തവ സഭകളില്‍നിന്ന് ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നുമാത്രമല്ല അത് എത്രമാത്രം ആഴത്തിലാണ് കെട്ടുപിണഞ്ഞു കിടക്കുന്നത് എന്നതിന്‍റെ തെളിവുകൂടിയാണ്.

കേരളത്തിലെ ആദ്യത്തേതും പ്രബലമായിട്ടുള്ളതുമായ പെന്തക്കോസ്ത് പ്രസ്ഥാനമായ ചര്‍ച്ച് ഓഫ് ഗോഡ് ജാതിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടായി വിഭജിക്കപ്പെട്ടു. തുടര്‍ന്ന് ‘ചര്‍ച്ച് ഓഫ് ഗോഡ് കേരള ഡിവിഷന്‍’ എന്ന പേരില്‍ ദളിത് ക്രിസ്ത്യാനികളും ‘ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്’ എന്ന പേരില്‍ ‘സവര്‍ണ’ ക്രിസ്ത്യാനികളുമാണ് ഒരേ ദൈവത്തെ ആരാധിക്കുന്നത്. ചരിത്രം പരിശോധിച്ചാല്‍ വിഭാഗീയതയുടെ കഥകള്‍ ഇനിയുമുണ്ട്.

നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതരുടെ ജീവിത നിലവാരം ഹൈന്ദവ ദളിതര്‍ക്കു തുല്യമാണോ? സഭയുടെ ആത്മീയവും ഭൗതികവുമായുള്ള അധികാരത്തില്‍നിന്ന് ദളിത് ക്രൈസ്തവര്‍ അകറ്റിനിര്‍ത്തപ്പെടുന്നുണ്ടോ?

പുരോഗമന ചിന്തകളുടെ അടിയൊഴുക്കില്‍പ്പെട്ട് വലയുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, തീണ്ടല്‍പലകകള്‍ സ്ഥാപിച്ച് ജാതിവെറി പുറത്ത് കാട്ടിയ സംഭവം വിവാദമാവുകയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ ഉള്‍പ്പെട്ട ചാത്തന്‍തറ ഗ്രാമത്തില്‍ ഐപിസിയുടെ പെന്തക്കോസ്ത് ചർച്ച് പരിസരത്ത് സ്ഥാപിച്ച തീണ്ടല്‍പ്പലക കാലത്തിന് തിരുത്താനാവാത്ത മിഥ്യാധാരണകളുടെ കഥകള്‍ പറയുമ്പോള്‍…

തുടക്കം പള്ളിവളപ്പിലെ ഹാര്‍ഡ് ബോര്‍ഡ് പലകയോ?

ചാത്തൻതറ എന്ന തൻറെ സ്വന്തം നാട്ടിലെ പെന്തകോസ്ത് ചർച്ചിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിട്ടുള്ള തീണ്ടൽ പലകയുടെ ബോർഡ് സഹിതം ഒരു കുറിപ്പ്, അലീന ആകാശ മിഠായിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ദളിത് ഭൂരിപക്ഷമുള്ള, ചാത്തന്‍തറയില്‍ ഡബ്ല്യൂഎംഇ, ചര്‍ച്ച് ഓഫ് ഗോഡ്, ടിപിഎം, സിഎംഎസ്, സിറിയൻ കത്തോലിക്കാ സഭ, ലാറ്റിൻ കത്തോലിക്കാ സഭ, പിന്നെ ഒട്ടനവധി സ്വതന്ത്രസഭകൾ തുടങ്ങി എല്ലാ വിധ ക്രിസ്തീയ സഭകളുമുണ്ട്.

മിക്ക പ്രൊട്ടസ്റ്റന്റ് സഭകളും ആരംഭിക്കാൻ നേതൃത്വം വഹിക്കുകയും, അതിന് സ്ഥലം ദാനം ചെയ്യുകയും, ആരാധനാലയം പണിയുകയും ചെയ്തത് ദളിത് വിഭാഗങ്ങളിൽ പെട്ട ഞങ്ങളുടെ കാർന്നോന്മാർ ആയിരുന്നുന്നെന്നും, ഈ ഐപിസി സഭയിൽ എനിക്ക് നേരിട്ട് അറിയാവുന്ന പല ദളിത് കുടുംബങ്ങളും തലമുറകളായി അംഗങ്ങളാണെന്നും അലീന എഴുതിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി സുറിയാനി ക്രിസ്ത്യാനികളും ദളിതരും തമ്മിൽ സഭയിൽ പ്രത്യക്ഷത്തിൽ തന്നെ ജാതീയത നില നിന്നിരുന്നു. ദളിതര്‍ക്ക് പള്ളിയില്‍ പ്രവേശനമില്ലെന്ന് കാണിക്കുന്ന ബോര്‍ഡിന് പിന്നാലെ ഫെബ്രുവരി 23 ഞായറാഴ്ച സ്വന്തം പള്ളികളിൽ പോകാൻ സാധിക്കാഞ്ഞ കുറച്ചു ദളിതർ ഐപിസി സഭയിൽ എത്തി. പള്ളിക്കാർ അവരെ ആരാധന നടത്താൻ സമ്മതിക്കാത്തതിനാല്‍ കവലയില്‍ പരസ്യമായി പ്രാര്‍ത്ഥന നടത്തി അവര്‍ പ്രതിഷേധിച്ചു.

ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന അക്രമങ്ങളുടെയും അപമാനത്തിന്റെയും വിവേചനത്തിന്റെയും പരിഹാരം ദൈവത്തിന് വിട്ടുകൊടുക്കേണ്ട കാലമൊക്കെ എന്നേ അതിക്രമിച്ചു കഴിഞ്ഞു. എന്ന് പറഞ്ഞാണ് അലീന കുറിപ്പ് അവസാനിപ്പിക്കുന്നത്.

എന്നാൽ ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനികൾ സവർണ്ണ ക്രിസ്ത്യാനികളില്‍ നിന്ന് നേരിടുന്ന വിഭാഗീയതയുടെ കഥകള്‍ കേവലമൊരു ഹാര്‍ഡ് ബോര്‍ഡ് പലകയില്‍ ആരംഭിക്കുന്നതല്ല.  ചരിത്രത്തില്‍ കൂപ്പു കുത്തിക്കിടക്കുന്ന ജനവികാരത്തിന്‍റെ ആകെത്തുകയാണ് ആ പലക എന്നു മാത്രം.

പാസ്റ്ററുടെ സ്ഥലം മാറ്റവും ദളിത് പ്രവേശനവും

കെകെ വില്‍സണാണ് ഒരു വര്‍ഷമായി ചാത്തൻതറ ബെഥേൽ ഐപിസി സഭയിലെ പാസ്റ്റര്‍. എന്നാല്‍, ഫെബ്രുവരി 9ന് സെന്‍ററിലെ കമ്മിറ്റി കൂടിയപ്പോള്‍ പാസ്റ്റര്‍ വില്‍സണ്‍ സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു. സ്ഥലം മാറ്റം സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളും അന്ന് കമ്മിറ്റിയില്‍ ഉടലെടുത്തതായി പാസ്റ്റര്‍ കെകെ വില്‍സണ്‍ പറഞ്ഞു.

യോഗം അവസാനിച്ച് പ്രാര്‍ത്ഥിച്ച് പിരിയാനിരിക്കെയാണ് പ്ലാക്കുഴിയിൽ പിഎം  തോമസ് അഥവാ സാം എന്ന വ്യക്തി ജാതീയ പരാമര്‍ശം നടത്തുന്നത്. “ചാത്തൻതറ ഐപിസിയിൽ ഹരിജൻ വേണ്ടാ സുറിയാനി മതി ” എന്നായിരുന്നു സാമിന്‍റെ പരാമര്‍ശമെന്ന്, കേരളത്തിലെ ദളിത് ക്രൈസ്തവരുടെ പൊതുവേദിയായ സിഡിസി റാന്നി താലൂക്ക് കമ്മിറ്റി ഭാരവാഹിയായ രാജു തേക്കട വോക്ക് മലയാളത്തോട് പറഞ്ഞു. സിഡിസിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ഒരന്വേഷണം നടത്തിയിരുന്നു.

രാജു തേക്കടയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

ഈ സംഭവത്തിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ” ഐപിസി ബെഥേല്‍ ചാത്തന്‍തറ സുറിയാനി ക്രിസ്ത്യന്‍ ചര്‍ച്ച്, ഹരിജനും മറ്റു ജാതികള്‍ക്കും പ്രവേശനമില്ല ” എന്നെഴുതിയ ഹാര്‍ഡ് ബോര്‍ഡ് പലക പള്ളിപ്പരിസരത്ത് സ്ഥാപിച്ചു. കമ്മിറ്റിയില്‍ ജാതീയത ഉയര്‍ത്തിയ പ്ലാക്കുഴിയിൽ തോമസ് തന്നെയാണ് ഇതിനു പിന്നിലെന്നായിരുന്നു ദളിത് വിഭാഗത്തിന്‍റെ ആരോപണം. തോമസിന്‍റെ ജാതീയ പരാമര്‍ശത്തിന് എതിരായി സെന്‍റര്‍ പാസ്റ്റര്‍ തോമസ് മാത്യു പ്രതികരിച്ചില്ല, എന്നതും ചര്‍ച്ചാവിഷയമായിട്ടുണ്ട്.

ജാതിയ വിവാദം സഭയ്ക്ക് അകത്ത് കൊടുംമ്പിരി കൊണ്ട് നിൽക്കുമ്പോളാണ് ഞായറാഴ്ച്ച രാവിലെ നാട്ടുകാരേയും പൊതു സമൂഹത്തെയും ഞെട്ടിച്ചു കൊണ്ട് ഹരിജനും താഴ്ന്ന ജാതിക്കാരനും പ്രവേശനമില്ലാ എന്ന ബോർഡ് പ്രത്യക്ഷമാകുന്നതെന്നും രാജു തേക്കട കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ദളിത് സംഘടനകള്‍ പ്രശ്നമേറ്റെടുക്കുകയും, പോലീസ് ഇടപെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രസ്തുത ബോര്‍ഡ് അവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

അതെ സമയം, വിവാദ പരാമര്‍ശത്തിനു ശേഷവും, ഇത്തരമൊരു ബോര്‍ഡ് സ്ഥാപിക്കാന്‍ തോമസ് ശ്രമിക്കില്ലെന്നായിരുന്നു പാസ്റ്റര്‍ കെകെ വില്‍സണ്‍ ചൂണ്ടിക്കാട്ടിയത്. ജാതി വര്‍ണ്ണ വിവേചനങ്ങള്‍ പരോക്ഷമായി നിലനില്‍ക്കുന്ന പള്ളിയില്‍, പ്രശ്നം വന്നപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരം മുതലാക്കിയതാകാമെന്നായിരുന്നു പാസ്റ്റര്‍ പറഞ്ഞത്.

എന്നാല്‍, ദളിത് വിഭാഗക്കാരോടും സവര്‍ണ്ണരോടും, ഒരേ മനോഭാവം പ്രകടിപ്പിക്കുന്ന് പാസ്റ്ററാണ് ചാത്തന്‍തറയില്‍ വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആരോപിച്ച് പ്ലാക്കുഴിയില്‍ തോമസ് തന്‍റെ പേരില്‍ പരാതിപ്പെട്ടതായും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയം ചര്‍ച്ചയായതോടെ സഭയുടെ നേരിട്ടുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഉന്നത സമിതി യോഗം ചേരുകയും, പാസ്റ്ററോട് വിശദീകരണം തേടുകയും ചെയ്തു.

പാവപ്പെട്ട ദളിത് ക്രിസ്ത്യാനികളെ മതത്തിന്‍റെ പേരു പറഞ്ഞ് പ്രകോപിപ്പിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തികളാതെന്നാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വെച്ചൂച്ചിറ എസ്ഐ പറയുന്നത്. സ്ഥലത്ത് പ്രശ്നം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ വിവാദമായ ബോര്‍ഡ് എടുത്തുമാറ്റിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയുടെ പേരില്‍ വേര്‍തിരിവുകള്‍ നടത്തുന്ന പ്രകോപനങ്ങള്‍ സമൂഹത്തിലുണ്ടാകുമ്പോള്‍ ആരെങ്കിലും കേസുകൊടുക്കുന്നത് കാത്തിരിക്കുന്ന പോലീസ് നടപടികളും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ കണ്ടില്ലെന്ന് നടിച്ച പല സാഹചര്യങ്ങളും പിന്നീട് കൈവിട്ട് പോയതായി നാം കണ്ടിട്ടുള്ളതാണ്.

ദളിതര്‍ക്കു മേലുള്ള ബ്രാഹ്മണത്വം

ഹിന്ദു മതത്തിലായിരുന്നപ്പോള്‍ ജാതി ബലിയാടുകളായിരുന്ന ദളിതര്‍ ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ക്രിസ്തുമതം സ്വീകരിച്ചത്.ക്രിസ്ത്യാനിപ്രഭുക്കന്മാരെങ്കിലും തങ്ങളെ തുല്യമായി പരിഗണിക്കുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ ഈ വിശ്വാസം അസ്ഥാനത്തായിരുന്നോ?

ക്രിസ്തീയ സഭകളിലെ, പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്‍റ്, പെന്തക്കോസ്ത് വിഭാഗങ്ങളിലെ സഭകളിലെ കൂട്ടായ്മകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വീടുകളില്‍ നടത്തുന്ന പ്രാര്‍ഥനകള്‍ ശ്രദ്ധേയമാണ്. ഇത്തരം പ്രാര്‍ഥനകള്‍ക്കുശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കുക കൂട്ടായ്മയുടെ ഭാഗമാണ്.

എന്നാല്‍, ദളിത് ക്രൈസ്തവരുടെ വീടുകളില്‍ പ്രാര്‍ഥനക്കുശേഷം ഭക്ഷണം കഴിക്കാതെ പോകുന്ന ‘സവര്‍ണ’ ക്രൈസ്തവര്‍ ഇന്നുമുണ്ട്. വീട്ടില്‍ പാകംചെയ്ത ഭക്ഷണമാണെങ്കില്‍ കഴിക്കാതിരിക്കുക, ചായയുമായി വെളിയിലിറങ്ങി കളഞ്ഞശേഷം ഗ്ളാസ് തിരികെയേല്‍പിക്കുക മുതലായ രീതികള്‍ അവലംബിക്കുന്നുണ്ടെന്നതാണ് വാസ്തവം.

സഭയുടെ സമ്പത്തും അധികാരവും അവസരങ്ങളും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് ജാതിവിവേചനത്തിന്‍റെ മുഖം വ്യക്തമായി തെളിഞ്ഞുവരാറുള്ളത്. ജാതിവിവേചനം കാണിക്കാറില്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുള്ളതുകൊണ്ട്, പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ചില കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് അര്‍ഹമായ പ്രാതിനിധ്യവും അവസരങ്ങളും ദളിതര്‍ക്ക് നിഷേധിക്കുകയും താമസിപ്പിക്കുകയും ചെയ്യുന്നത്.

ചാത്തന്‍തറയിലേത് പോലുള്ള പ്രശ്നങ്ങള്‍ കേരളത്തിലാണ് നടക്കുന്നത് എന്നത് മറ്റൊരു വൈരുദ്ധ്യം. കാരണം, പ്രബുദ്ധ കേരളത്തില്‍ ജാതി-മത-വര്‍ണ്ണ വിവേചനങ്ങള്‍ മങ്ങാതെ കിടക്കുന്നു എന്നത് നമുക്ക് അഹങ്കാരമാകുന്ന പല നേട്ടങ്ങള്‍ക്കും കല്ലുകടിയാണ്.

ഹിന്ദുവായിരുന്നപ്പോള്‍ ലഭിച്ചിരുന്ന സംവരണങ്ങളൊന്നും, ക്രിസ്തുമതം സ്വീകരിച്ചാല്‍ ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ച് ദളിതര്‍ക്ക് അവരുടെ സമുദായ നവോത്ഥാനത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങളാണ് അവര്‍ക്ക് ആവശ്യം. ജാതിക്കോമരങ്ങള്‍ക്ക് ഉറഞ്ഞ് തുള്ളാന്‍ വീണ്ടും നിലമൊരുക്കുന്നത് ചരിത്രമാവര്‍ത്തിക്കാന്‍ ഇടയാക്കും.