Fri. Apr 26th, 2024
ദില്ലി:

ദില്ലി കലാപത്തെ തുടർന്ന് തലസ്ഥാനത്തെ ഹൈക്കോടതിയിലും അസാധാരണ നടപടി. ഇന്നലെ അർധരാത്രി കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്കാൻ ഉത്തരവിട്ട കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും ദില്ലി കലാപം പരിഗണിക്കുന്നു. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ  പൂര്‍ണരൂപം കോടതി സോളിസിറ്റര്‍ ജനറലിന് കൈമാറി.  കേസ് നാളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട സോളിസിറ്റര്‍ ജനറലിനെ കോടതി രൂക്ഷമായി വിമർശിച്ചു.

ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ദില്ലി പോലീസിനോടും സോളിസിറ്റർ ജനറലിനോടും ചോദിച്ചു. എന്നാൽ ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ കണ്ടിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതോടെ കോടതി പ്രസംഗത്തിന്റെ പൂർണ രൂപം പരസ്യമായി പ്രദർശിപ്പിച്ചു. ഇതോടെ സംഭവത്തെ കുറിച്ച് പഠിക്കാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. ഞായറാഴ്‌ചയായിരുന്നു കപിൽ മിശ്ര  മൗജ്പൂര്‍ ചൗക്കില്‍ സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലിയില്‍ മൂന്ന് ദിവസത്തിനകം ദില്ലി പോലീസ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചല്ലെങ്കിൽ തങ്ങൾ അത് ചെയ്യുമെന്ന് വെല്ലുവിളിച്ചത്.

By Arya MR