Sun. Apr 6th, 2025
അഹമ്മദാബാദ്:

36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  ഇന്ത്യന്‍ സമയം കൃത്യം 11.40ന് അഹമ്മദാബാദിലെത്തി. ട്രംപിനോടൊപ്പം ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ അമേരിക്കൻ ഊർജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി,  ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും എത്തി. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തിയ ലോകനായകനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി. ഔദ്യോഗിക സ്വീകരണത്തിന് ശേഷം 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ അരങ്ങേറും. ശേഷമുള്ള സബർമതി സന്ദർശനവും കഴിഞ്ഞതിന് ശേഷമേ മൊട്ടേറെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിലേക്ക് ട്രംപ് എത്തുകയുള്ളൂ.

ശേഷം ആഗ്രയിൽ എത്തി താജ്‌മഹൽ കണ്ട ശേഷം ട്രംപും കുടുംബവും ദില്ലിയിൽ വിശ്രമിക്കും. നാളെ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച. മിനി വ്യവസായ കരാർ പോലും ഒപ്പിടുന്നില്ലെങ്കിലും പ്രതിരോധ സഹകരണത്തിനുള്ള ധാരണയിലെത്തുമെന്നാണ് റിപ്പോർട്ട്. തന്റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുമെന്നും തന്റെ സ്വീകരണറാലി വലിയ സംഭവമാകുമെന്നും ട്രംപ്  ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുൻപ് ട്വീറ്റ് ചെയ്തിരുന്നു.

By Arya MR