Mon. Dec 23rd, 2024
#ദിനസരികള്‍ 1041

 
കുട്ടികൃഷ്ണമാരാര്‍ എഴുതിയ ഒരു പുസ്തകമുണ്ട്. ഭാഷാപരിചയം എന്നാണ് പേര്. തെറ്റില്ലാതെ എങ്ങനെ മലയാള ഭാഷ കൈകാര്യം ചെയ്യാം എന്നാണ് പുസ്തകത്തിലെ ആലോചന. ഈ പുസ്തകം മലയാളികള്‍ക്ക് അത്ര അപരിചിതമാണെന്ന സങ്കല്പം എനിക്കില്ല.

എന്നാല്‍‍പ്പോലും ഭാഷയുടെ അടിസ്ഥാന വ്യാകരണത്തെക്കുറിച്ച് പഠിക്കാന്‍ ഏതാണ് ഏറ്റവും പര്യാപ്തമായ പുസ്തകം എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നതായി കാണുന്നു. അത്തരക്കാര്‍ക്ക് മലയാള വ്യാകരണത്തില്‍ ലഭ്യമായ പ്രവേശികകളില്‍ നിര്‍ണായക സ്ഥാനത്ത് മാരാരുടെ ഭാഷാപരിചയവുമുണ്ടാകും എന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ടല്ലോ. എത്ര ശ്രമിച്ചാലും ഭാഷയുടെ പ്രയോഗത്തില്‍ തെറ്റുകള്‍ വന്നുകൂടുക സ്വാഭാവികമാണ്.

വിഖ്യാതരായ വൈയ്യാകരണന്മാര്‍ക്കുപോലും പിഴയ്ക്കുന്നു, പിന്നെയാണോ ശരാശരിക്കാരായ നമ്മള്‍ എന്നൊരു ചോദ്യം ഭാഷയേയും വ്യാകരണത്തേയും കുറിച്ചുള്ള ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ത്തന്നെ എല്ലായ്പ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ആ ചോദ്യത്തില്‍ കഴമ്പുമുണ്ട്. കാരണം ഭാഷയുടെ ആത്യന്തികമായ ഉപയോഗം ഏറ്റവും ലളിതമായി പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാകുന്ന വിധത്തില്‍ പറയുക എന്നതാണല്ലോ.

അപ്പോള്‍ സ്വാഭാവികമായും അതിസങ്കീര്‍ണമായ വ്യാകരണത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്ന സൂക്ഷ്മമായ തെറ്റുകളെ അത്രയ്ക്കൊന്നും പരിഗണിക്കേണ്ടതില്ല എന്ന വാദമാണ് ഈ നിലപാടിന് ബലംകൊടുക്കുന്നത്.
സാധാരണക്കാരായ ആളുകള്‍ക്ക് അത്രമതിയാകും. എന്നാല്‍ സാഹിത്യാദി രൂപങ്ങളില്‍ ജീവിച്ചു പോകുന്നവര്‍ക്ക് ഈ വാദത്തോട് അത്രക്കൊന്നും ഐക്യപ്പെടാന്‍ കഴിയില്ല എന്നത് വസ്തുതയാണ്.

അത്തരക്കാര്‍ക്ക്, ആശയവിനിമയത്തിന് ഭാഷ വ്യാകരണപരമായി തെറ്റില്ലാതെ ഉപയോഗിക്കാന്‍ കഴിയുക എന്നുള്ളതും പ്രധാനപ്പെട്ടതാണ്. അതല്ലെങ്കില്‍ അര്‍ത്ഥമൊരു വഴിയ്ക്കും ഭാഷ മറ്റൊരുവഴിയ്ക്കും പോകുന്നതു നാം കാണേണ്ടിവരും. അത്തരത്തിലുള്ള സാഹചര്യങ്ങളെ ഒഴിവാക്കിയെടുക്കേണ്ടതിനുള്ള ഏറ്റവും കൃത്യമായ ഇടപെടലുകളാണ് മാരാര്‍, ഭാഷാപരിചയത്തിലൂടെ നിര്‍വ്വഹിക്കുന്നത്.

“വിഷയത്തെ അവതരിപ്പിച്ച രീതിയിലും അതിനെ ക്രമേണ കൂടുതല്‍ സാങ്കേതികമാക്കി വരുന്ന സമ്പ്രദായത്തിലും ഈ പുസ്തകം അഭിലഷണീയവും നൂതനവുമായ ഒരു സരണിയെ അവലംബിച്ചു കാണുന്നു. ഓജസ്വിയും പ്രസന്നവും അതേസമയം അനാവശ്യമായി അധികം നീട്ടിക്കൊണ്ടു പോകുന്നില്ലാത്തതുമായ വാക്യങ്ങള്‍ അര്‍ത്ഥഗ്രഹണത്തിനും വ്യാകരണത്തിന്റെ മുഷിവു തോന്നാതിരിക്കാനും ഒട്ടേറെ സഹായിക്കുന്നുണ്ട്. അങ്ങിനെത്തന്നെ ഗ്രന്ഥത്തെ ആദ്യന്തം പ്രസന്നമാക്കിത്തീര്‍ക്കാന്‍ മറ്റൊരുപായം ഇവിടെ സ്വീകരിച്ചിട്ടുള്ളത് ഇതിലെ ഉദാഹരണ വാക്യങ്ങളാണ്.

സാമാന്യമായി കുട്ടികള്‍ക്ക് രസിക്കുന്നവയും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടവയുമായ വിഷയങ്ങളെക്കുറിച്ചുള്ള ഉപന്യാസങ്ങളും പഴഞ്ചൊല്ലുകയും കത്തുകളും മറ്റുമാണിതില്‍ ഉദാഹരണത്തിന് ചേര്‍ത്തിട്ടുള്ളത്. അവ ശാസ്ത്രത്തിന്റെ കാര്‍ക്കശ്യത്തെ ഒട്ടേറെ ലഘുകരിക്കുന്നതിനോടൊപ്പം വ്യാകരണ സങ്കേതങ്ങളെ വ്യക്തമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു”വെന്ന് സി എച്ച് കുഞ്ഞപ്പ ഈ പുസ്തകത്തെക്കുറിച്ച് വിലയിരുത്തുന്നു.

പദപരിചയം, പ്രകൃതി പ്രത്യയപരിചയം, വാക്യപരിചയം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പുസ്തകത്തെ തിരിച്ചിരിക്കുന്നു. വാക്യം – കര്‍ത്താവും ക്രിയയും, വിധിവാക്യം നിഷേധ വാക്യം, ചോദ്യവാക്യം, അല്പവിരാമം, നാമങ്ങള്‍ കേവലക്രിയയും പ്രയോജകക്രിയയും ക്രിയാ വിശേഷണങ്ങള്‍, ദ്യോതകങ്ങള്‍ എന്നിങ്ങനെ ഭാഷാ വ്യവഹാരത്തിലെ അടിസ്ഥാന സങ്കല്പങ്ങളെയാണ് ഒന്നാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്.

രണ്ടാംഭാഗത്ത് വര്‍ണവിഭാഗം, ലിംഗപ്രത്യയങ്ങള്‍ , സന്ധിസ്വരൂപം, വിഭക്തി, ഗതികള്‍, അര്‍ദ്ധവിരാമം, പൂര്‍ണവിരാമം, ഖണ്ഡിക നിഷേധക്രിയ എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
മൂന്നാംഭാഗത്താകട്ടെ വാക്യവിഭാഗം, സങ്കീര്‍ണ്ണവാക്യം, യൌഗിക വാക്യം, പദപ്രയോഗ ക്രമം, വാക്യവിവര്‍ത്തനം കര്‍മ്മണിപ്രയോഗം, സമാസം, ഗദ്യവും പദ്യവും അലങ്കാരങ്ങള്‍ എന്നിവ ചര്‍ച്ചക്കെടുക്കുന്നു.

എത്രയും ലളിതമായും വായനക്കാരന് മനസ്സിലാകണം എന്ന നിര്‍ബന്ധബുദ്ധിയോടെയും എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം പാരമ്പര്യ രീതിയില്‍ ഒരു വ്യാകരണ ഗ്രന്ഥം എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതിന്റെ ഉദാഹരണമാകുന്നു. ആവശ്യത്തിന് കഥകളേയും മറ്റും ഉപയോഗിപ്പെടുത്തിക്കൊണ്ട് അടിസ്ഥാന വ്യാകരണ സങ്കല്പങ്ങളെ വായനക്കാരന് മനസ്സിലാക്കിക്കൊടുക്കാന്‍ മാരാര്‍ കാണിക്കുന്ന ജാഗ്രത എടുത്തു പറയേണ്ടതാണ്. വ്യാകരണ ഗ്രന്ഥങ്ങള്‍ കേവലം ഭാഷയെക്കുറിച്ചുള്ള കുറേ നിയമങ്ങളുടെ സോദാഹരണപ്രഭാഷണമല്ലെന്നും മറിച്ച് ആശയങ്ങളെ ശക്തിയുക്തം ഭാവനാപരമായി പ്രകടിപ്പിക്കുന്നതിന് സഹായിക്കേണ്ടുന്ന ഒന്നാണെന്നുമാണ് ഭാഷാപരിചയം അടിവരയിടുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.