Mon. Dec 23rd, 2024
കോയമ്പത്തൂർ:

കോയമ്പത്തൂർ അവിനാശിയിൽ  കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകൾ ഉള്‍പ്പടെ 20 പേർ മരിച്ചു. ബസ് ഡ്രൈവറും, കണ്ടക്ടറും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ  കണ്ടെയ്നർ ലോറി ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.

Kl 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം  ബസാണ് അപകടത്തില്‍പ്പെട്ടത്. 48 പേരാണ് ബസിൽ സീറ്റുകൾ ബുക്ക് ചെയ്തിരുന്നതെന്ന് അധികൃതർ അറിയിച്ചു, ഒപ്പം അവരുടെ പേരുകളുടെ ലിസ്റ്റും കെഎസ്ആർടിസി പുറത്തുവിട്ടിട്ടുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ കൃഷ്, ജോർദൻ, ഇഗ്നി റാഫേൽ, കിരൺകുമാർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർനടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തി.

 

By Arya MR