കൊല്‍ക്കത്ത:
എആര്‍ റഹ്മാന്റെ മകള്‍ ഖതീജയെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബുര്‍ഖ ധരിച്ച് മാത്രം ഖതീജ പൊതുസ്ഥലങ്ങളില്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് തസ്ലീമ നസ്റിന്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്.
”എആര്‍ റഹ്മാന്റെ സംഗീതം എനിക്ക് വളരെയധികം ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ കാണുമ്പോഴെല്ലാം എനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടും. ഒരു കലാ കുടുംബത്തിലെ ഇത്രയും സംസ്കാരസമ്പന്നമായ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതിയെ ഇത്ര എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നോര്‍ക്കുമ്പോള്‍ വളരെ അധികം വിഷമം തോന്നുന്നു.” – അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഖതീജയുടെ ബുര്‍ഖ ധരിച്ചിരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്.
എന്നാല്‍, തസ്ലീമ നസ്റിന് മറുപടിയുമായി ഖതീജ രംഗത്തെത്തുകയും ചെയ്തു. ഈ രാജ്യത്ത് എന്തെല്ലാം വിഷയങ്ങളുണ്ട് ചര്‍ച്ചചെയ്യാന്‍. എന്നിട്ടും എന്തിനാണ് എല്ലാവരും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ചര്‍ച്ചചെയ്യുന്നതും ആശങ്കപ്പെടുന്നതും എന്ന് ഖതീജ ചോദിക്കുന്നു.
പ്രിയ തസ്ലിമ നസ്‌റില്‍ എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ തോന്നുന്നുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. എന്നാല്‍, ഞാന്‍ എടുക്കുന്ന തീരുമാനത്തിലും, വസ്ത്രധാരണത്തിലും അഭിമാനിക്കുന്നു. എനിക്ക് ഒരു ശ്വാസംമുട്ടലും അനുഭവപ്പെടുന്നില്ല. യഥാര്‍ത്ഥ ഫെമിനിസം എന്താണ് അറിയാന്‍ ഗൂഗിള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യലല്ല. പിന്നെ നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകള്‍ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല. – ഖദീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.