പാതാളം:
ഏലൂര്‍ പാതാളം ഇഎസ്ഐ ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. മണിക്കൂറുകളോളം ഡോക്ടറെ കാണാന്‍ കാത്ത് നിന്നാലും ഫാര്‍മസിയിലെത്തിയാല്‍ ഭൂരിഭാഗം മരുന്നുകളും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
അതേസമയം, ഏകദേശം രണ്ട് വര്‍ഷം മുമ്പ് വന്ന ആവശ്യമില്ലാത്ത മരുന്നുകള്‍ ഇപ്പോഴും ഡോക്ടറുടെ റൂമിന് സമീപം കെട്ടിക്കിടക്കുകയാണ്. പുറത്തു നിന്ന് വാങ്ങുന്ന മരുന്നുകളുടെ ബില്ല് നല്‍കി രോഗികള്‍ക്ക് മാസങ്ങളോളം കാശിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.
എന്നാല്‍, രോഗികള്‍ ആരും തന്നെ ഈ ദുരവസ്ഥയെ കുറിച്ച് പ്രതൃക്ഷമായി പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലയെന്നതാണ് വസ്തുത. ഇഎസ്ഐ ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
നാട്ടുകാര്‍ ധര്‍ണ നടത്തിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ഇവിടെ രോഗികളെ ചികിത്സിക്കാന്‍ തുടങ്ങിയത്. ഇല്ലെങ്കില്‍ രാവിലെ 11 മണിയ്ക്കൊന്നും ഇഎസ്ഐയില്‍ ഡോക്ടര്‍മാരുണ്ടാകില്ലെന്ന് രോഗികള്‍ പറയുന്നു.
ഇതിനെല്ലാം പുറമെ ഇഎസ്ഐ കെട്ടിടം ശോച്യാവസ്ഥയിലാണ്. മിക്ക ഇടനാഴികളിലും ലെെറ്റുകള്‍ പ്രവര്‍ത്തനരഹിതമാണ്. ശൗചാലയത്തിന്‍റെ വാതിലുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.