കൊച്ചി:
വാഴക്കാല മാര്‍ക്കറ്റിന് പിന്നിലെ കുന്നേപ്പറമ്പ് കനാലിലെ നീരൊഴുക്കിന് തടസ്സമായി നില്‍ക്കുന്ന മരം മുറിച്ചുമാറ്റണമെന്നാവശ്യവുമായി പ്രദേശവാസികളും റെസിഡന്‍സ് അസോസിയേഷനുകളും രംഗത്ത്. താരതമ്യേന വീതി കുറഞ്ഞ കനാലാണിത്.
എന്നാല്‍, കനാലിന്‍റെ മധ്യത്തില്‍ തന്നെ രണ്ടരവീതിയില്‍ അരയാല്‍മരം നില്‍ക്കുന്നതിനാല്‍ വെള്ളം ഒഴുകുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷനിലെ ഭാരവാഹികള്‍ പറയുന്നത്.
കനാലില്‍ നീരെുഴുക്ക് ഇല്ലാത്തതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് മാലിന്യങ്ങളും കനാലിന്‍റെ മധ്യത്തില്‍ കെട്ടികിടക്കുകയാണ്. നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജിയോ വര്‍ഗീസിന്‍റെ വീടിന്‍റെ അതിരിലൂടെയാണ് കനാലിന്‍റെ ഈ ഭാഗം കടന്നുപോകുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് പ്രദേശത്ത് വന്‍തോതില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. ജിയോ വര്‍ഗീസിന്‍റെ മതിലും വെള്ളത്തിന്‍റെ ശക്തിയില്‍ ഇടിഞ്ഞുപോയിരുന്നു. ചെറിയ മഴപെയ്താല്‍ പോലും വാഴക്കാലയിലെ ഈ ഭാഗത്ത് വെള്ളം കയറാറുണ്ട്.
കനാലിലെ നീരൊഴുക്ക് സുഗമമാക്കാനും, വെള്ളക്കെട്ട് തടയാനും മരം മുറിച്ച് മാറ്റലാണ് ഏക മാര്‍ഗ്ഗമെന്ന് 28-ാം ഡിവിഷന്‍ കൗണ്‍സിലര്‍ റുകിയ പറഞ്ഞു. മരം മുറിച്ചുമാറ്റാനുള്ള നടപടി നഗരസഭ എത്രയും പെട്ടന്ന് സ്വീകരിക്കുമെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും റുകിയ വോക്ക് മലയാളത്തോട് പറഞ്ഞു.